ADVERTISEMENT

കൊച്ചി∙ കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന നാവിക സേനയുടെ ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്ന അജ്ഞാത ഇമെയിൽ സന്ദേശം അയച്ചിരിക്കുന്നത് കപ്പൽശാലയുമായി അടുത്ത ബന്ധമുള്ളവരാകാമെന്നു സംശയം. കപ്പൽശാലയെക്കുറിച്ചു വ്യക്തമായ ധാരണ ഉള്ളയാളാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് ഉള്ളടക്കത്തിൽ നിന്നു വ്യക്തമാകുന്നതെന്നാണു പൊലീസ് വിലയിരുത്തൽ. കപ്പൽശാലയിലെ ഒന്നിലധികം ഉദ്യോഗസ്ഥർക്കും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ഐപി വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അതേ സമയം കൊച്ചി കപ്പൽശാലയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം ലക്ഷ്യമിട്ടാണോ സന്ദേശം എന്നും സംശയിക്കുന്നുണ്ട്. ഇന്നലെ സന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎൻഎസ് വിക്രാന്തിനു സമീപം നങ്കൂരം ഇട്ടിരിക്കുന്ന നാലു കപ്പലുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ കേന്ദ ഏജൻസികൾ കപ്പൽശാലയിലെത്തി ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയ്ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണോ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നാണ് ഒരുവിഭാഗം സംശയിക്കുന്നത്. 

അഫ്ഗാൻ പൗരൻ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തു എന്നത് കടുത്ത സുരക്ഷാ വീഴ്ചയായാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇവിടെ ജോലി ചെയ്തത്. ഇയാൾ കറാച്ചി തുറമുഖത്തു ജോലി ചെയ്തിരുന്നു എന്നു കണ്ടെത്തിയതോടെ അന്വേഷണം സിബിഐക്കു വിടണമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവവും വിവാദമായിരുന്നു. ഇതേ തുടർന്ന് രഹസ്യ വിവരങ്ങൾ ചോർത്തിയിരിക്കാനുള്ള സാധ്യത പരിഗണിച്ച് നാവിക സേനയുടെ നിർദേശത്തെ തുടർന്ന് ഏതാനും മാറ്റങ്ങളും വരുത്തിയിരുന്നു. 

English Summary: Anonymous mail threatens to blow up INS Vikranth; Enquiry going on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com