ADVERTISEMENT

തിരുവനന്തപുരം ∙ സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എം.കെ. മുനീറിന്റെ  അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി കേരളത്തിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും പദ്ധതി സുതാര്യമല്ലെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളതെന്നും ഇത് മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസർകോടു വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്. ഇത് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി:

∙ നിര്‍ദിഷ്ട പാത കടന്നുപോകുന്നത് 11 ജില്ലകളിലൂടെ. വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ ബാധിക്കും.

∙ 63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ 6,085 കോടി രൂപ കേന്ദ്ര–സംസ്ഥാന  സര്‍ക്കാരുകള്‍  നല്‍കേണ്ട നികുതി ഒഴിവാണ്.  975 കോടി രൂപ റെയില്‍വെ ഭൂമിയുടെ വിലയാണ്. ഇതിന് പുറമെ 2,150 കോടി രൂപയാണ് കേന്ദ്ര റെയില്‍വേ വിഹിതം.  സംസ്ഥാന സര്‍ക്കാര്‍ 3,225 കോടി രൂപയാണ് വഹിക്കുക. 4,252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 

high-speed-train

∙ 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യം. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവച്ചിരിക്കുന്നത്.

∙ കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുമതി നല്‍കി. റെയില്‍വേ ബോര്‍ഡ് പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കി.

∙ പദ്ധതിയുടെ നടത്തിപ്പിനായി രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളായ ജയ്ക്ക ഉള്‍പ്പെടെ സാമ്പത്തികസഹായം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. 

∙ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത് 

∙ പരിസ്ഥിതി ആഘാത പഠനം സെന്റര്‍ ഫോര്‍ എന്‍വയോൺമെന്റ് ആൻഡ് ഡവലപ്പ്‌മെന്റ് മുഖേന നടത്തിക്കഴിഞ്ഞു. 

∙ ഭൂമി ഏറ്റെടുക്കല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ ഒരാള്‍പോലും ഭവനരഹിതരാകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയറിങ് നടത്തും. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

∙ ഹൈ സ്പീഡ് റെയില്‍വേ ഒരു കിലോമീറ്റർ പണിയണമെങ്കില്‍ 280 കോടി രൂപയാണ് ചെലവ്. എന്നാല്‍ സെമി ഹൈസ്പീഡ് റെയില്‍വേയ്ക്ക് 120 കോടി രൂപ മാത്രമാണ് ചെലവ്.

∙ ഹൈ സ്പീഡ് റെയില്‍വേയിലെ ടിക്കറ്റ് നിരക്കു കിലോമീറ്ററിനു 6 രൂപയായിരുന്നു. എന്നാല്‍ സെമി ഹൈസ്പീഡ് റെയില്‍വേയില്‍ ടിക്കറ്റ് നിരക്ക് 2 രൂപയാണ്.  

English Summary: CM Pinarayi Vijayan about semi high speed rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com