ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യാന്തര ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് കെ–റെയില്‍ പദ്ധതി മുന്നോട്ടുപോകുന്നതെന്ന് പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ. കെ–റെയില്‍ അധികൃതരുടെ മുഖ്യതാല്‍പര്യം റിയല്‍ എസ്റ്റേറ്റ് വികസനമാണെന്നും അലോക് വര്‍മ മനോരമ ന്യൂസിനോട് പറഞ്ഞു.

നിലവില്‍ വിഭാവനം ചെയ്തിരിക്കുന്ന രീതിയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക സാധ്യതാറിപ്പോര്‍ട്ട് ഇതിനായി കെ–റെയില്‍ അട്ടിമറിച്ചു. പരിസ്ഥിതി ആഘാതപഠനം പോലും നടത്താതെ കെട്ടിച്ചമച്ച അന്തിമ സാധ്യതാറിപ്പോര്‍ട്ടും ഡിപിആറുമാണ് പദ്ധതിയുടെ അനുമതിക്കായി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചതെന്നും അലോക് വര്‍മ ആരോപിച്ചു.

ഇന്ത്യന്‍ റെയില്‍വേയുടെ എൻജിനീയറിങ് വിഭാഗത്തില്‍ 35 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ് അലോക് വര്‍മ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സിസ്ത്രയെന്ന കണ്‍സള്‍ട്ടന്‍സി കമ്പനി കെ–റെയില്‍ പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 

റിപ്പോര്‍ട്ടിലെ മുഖ്യ നിര്‍ദേശങ്ങള്‍ ഇവയാണ്:

1. റെയില്‍വേയുടെ നിലവിലെ ലൈനുകളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേർഡ് ഗേജില്‍ പദ്ധതി നടപ്പാക്കുന്നത് ലാഭകരമായിരിക്കില്ല. അതിനാല്‍ ഈ തീരുമാനം പുനഃപരിശോധിക്കണം.

2. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പാരിസ്ഥിതലോല പ്രദേശങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കണം

3. 40 മുതല്‍ 60 ശതമാനം വരെ എലവേറ്റഡ് പാതയായിരിക്കണം.

4. സ്റ്റേഷനുകള്‍ പരമാവധി നഗരത്തിനകത്തും നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് സമീപവും ആയിരിക്കണം.

പക്ഷേ ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. പകരം സിസ്ത്രയെക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് കെ–റെയില്‍ സമര്‍ദം ചെലുത്തിയുണ്ടാക്കി. പൂര്‍ണമായും കെട്ടിച്ചമച്ച ഈ റിപ്പോര്‍ട്ടില്‍ കെ–റെയില്‍ അധികൃതര്‍ ആഗ്രഹിച്ച എല്ലാമുണ്ടായിരുന്നു. ഈ തട്ടിക്കൂട്ട് സാധ്യതാ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രേഖയും തയാറാക്കിയതെന്ന് അലോക് വര്‍മ ആരോപിക്കുന്നു.

അവരുടെ മുഖ്യതാല്‍പര്യം റിയൽ എസ്റ്റേറ്റ് വികസനമാണ്. സ്റ്റാന്‍ഡേർഡ് ഗേജാണെങ്കിലേ വിദേശ ബാങ്കുകള്‍ വലിയ കാലാവധിയില്‍ വായ്പ തരൂ. മാത്രമല്ല, സ്റ്റാന്‍ഡേർഡ് ഗേജ് ആണെങ്കില്‍ വായ്പ തരുന്ന ബാങ്കുകളുമായി ബന്ധപ്പെട്ട വിദേശകമ്പനികള്‍ക്ക് ധാരാളം ബിസിനസും ലഭിക്കും. കണ്‍സള്‍ട്ടന്‍സി, ഡിസൈന്‍ എന്നിവയുടെ കരാര്‍ അവര്‍ക്ക് ലഭിക്കും.

ക്രോസിങ്, റെയില്‍, സിഗ്നലിങ് തുടങ്ങിയവയെല്ലാം അവരില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും. നല്ല പണം ഇതിനെല്ലാം അവര്‍ ഈടാക്കും. സ്റ്റാന്‍ഡേർഡ് ഗേജിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. വിദേശ ബിസിനസ് ലോബിയുടെ സമ്മര്‍ദ തന്ത്രമാണിത്. ബ്രോഡ് ഗേജ് വേണമെന്നാണ് റെയില്‍ ബോര്‍ഡിന് ആദ്യം നല്‍കിയ പ്രോപ്പോസലില്‍ പറയുന്നത്. അതിപ്പോള്‍ കെ–റെയില്‍ എംഡി നിഷേധിക്കുകയാണെന്നും അലോക് വര്‍മ പറഞ്ഞു.

എല്ലാ റിപ്പോര്‍ട്ടുകളും റദ്ദാക്കി സര്‍ക്കാരും റെയില്‍ ബോര്‍ഡും ആദ്യം മുതൽ നടപടികള്‍ ആരംഭിക്കണം. സ്റ്റാന്‍ഡേർഡ് ഗേജ് ആണോ, ബ്രോഡ് ഗേജാണോ വേണ്ടതെന്നതില്‍ ആദ്യം തീരുമാനം എടുക്കണം. ഇതിനുശേഷം എല്ലാ ഗ്രൗണ്ട് സര്‍വേകളും പൂര്‍ത്തിയാക്കി പുതിയ സാധ്യതാപഠനം നടത്തി അതിന്‍റെ ഡിപിആര്‍ തയാറാക്കിയ ശേഷമേ പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

English Summary: Alok Verma against K-Rail Project

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com