കണ്ടിട്ടും മിണ്ടാതെ സുധാകരനും സതീശനും; മുഖം കൊടുക്കാതെ കെ.വി. തോമസും: വിഡിയോ
Mail This Article
ആലപ്പുഴ∙ പാർട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎം സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി. തോമസും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും വിവാദങ്ങൾക്കും പൊട്ടിത്തെറിക്കു ശേഷം ആദ്യമായി നേരിൽ കാണുകയായിരുന്നു ആലപ്പുഴയിൽ. കാലം ചെയ്‌ത ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു നേതാക്കൾ. പാർട്ടി വിലക്ക് ലംഘിച്ച ഒരു നേതാവിനോടുള്ള അനിഷ്ടം ശരീരഭാഷയിൽ പോലും എത്രമാത്രം പ്രകടമാകും എന്ന് തെളിയിക്കുന്നതായിരുന്നു കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ശരീരഭാഷ.
യുഡിഎഫ് കൺവീനർ എം.എം. ഹസൻ, രാഷ്ട്രീയകാര്യ സമിതി അംഗം ലിജു, ഡിസിസി പ്രസിഡൻറ് ബി. ബാബുപ്രസാദ്, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ സുധാകരനൊപ്പമുണ്ടായിരുന്നു. സുധാകരനും സതീശനും വരുന്നതിനു മുൻപേ കെ.വി.തോമസ് എത്തിയിരുന്നു. പരസ്‌പരം കണ്ടെങ്കിലും കെ.വി.തോമസിനെ നോക്കി ചിരിക്കാനോ ഹസ്‍തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ സുധാകരനും സതീശനും തയാറായില്ല. തോമസ് മാഷും അതിനു മുതിർന്നില്ല. കെ.വി.തോമസിനോടുള്ള ഇഷ്ടക്കേട് നേതാക്കളുടെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.
കെ.വി.തോമസിനു തൊട്ടു മുന്നിലായി സുധാകരനും സതീശനും ഇരുന്നു. കെ.വി. തോമസിനു സമീപം ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദും കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബും എ.എ.ഷുക്കൂറും. ഇവരാരും കെ.വി. തോമസിനോട് ഒരക്ഷരം ഉരിയാടിയില്ല. കെ.വി.തോമസ് തൊട്ടു പിന്നിലിരിക്കുന്നതിന്റെ അസ്വസ്ഥത സുധാകരന്റെ മുഖത്ത് പ്രകടമായിരുന്നു.
ആദരാഞ്ജലി അർപ്പിച്ച ശേഷം സുധാകരനും സതീശനും യുഡിഎഫ് നേതാക്കളും കുട്ടനാട്ടിലേക്ക് പോയതോടെ തോമസ് മാഷ് വീണ്ടും മുന്നിലെ ബഞ്ചിലെത്തി. ഇവിടെ കൂട്ടായി സിപിഎം നേതാക്കളെത്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, ജില്ലാ സെക്രട്ടറി ആർ.നാസർ, പി.പി.ചിത്തരഞ്ജൻ എംഎൽഎ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവർ. വളരെ ഹൃദ്യമായി സിപിഎം നേതാക്കൾ കെ.വി. തോമസിനോട് ഇടപെടുകയും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
English Summary: K. Sudhakaran meets KV Thomas in Alappuzha but refuses to talk