ADVERTISEMENT

തിരുവനന്തപുരം∙ കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വിപണിയിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകും. നഗരങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വൈകിട്ട് ആറിനും പതിനൊന്നിനും ഇടയിലായിരിക്കും നിയന്ത്രണം. പതിനഞ്ചുമിനിറ്റോളം നിയന്ത്രണമുണ്ടാകുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനവും ഉപഭോഗവും തമ്മിൽ 400 മെഗാവാട്ടിന്റെ അന്തരമുണ്ട്. ദീർഘകാല കരാറുകളിൽനിന്നല്ലാതെ പവർ എക്‌സ്ചേഞ്ചിൽനിന്ന് ബോർഡിനു വൈദ്യുതി കിട്ടുന്നില്ല. കൽക്കരി ക്ഷാമം മൂന്നു നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ 78 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ബംഗാളിലെ നിലയത്തിലെ സാങ്കേതിക പ്രശ്നത്താൽ 135 മെഗാവാട്ടിന്റെ കുറവുണ്ടായി.

കൽക്കരി ക്ഷാമം കാരണം ഉൽപ്പാദകർ പവർ എക്‌സ്ചേഞ്ചിൽ നൽകുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ചൂടു കാരണം ഉപഭോഗം കൂടുന്നതിനാൽ കേരളം പവർ‌എക്‌സ്ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസം കൂടിയാണിത്. മെഷിനുകൾ തകരാറിലായി വൈദ്യുതി ലഭ്യത കുറയുമ്പോഴും പവർ‌എക്‌സ്ചേഞ്ചിനെയാണ് ആശ്രയിക്കുന്നത്. 

ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോഗം കൂടുതലാണെങ്കിലും ഉൽപ്പാദകരുമായി നേരത്തെ കരാർ വയ്ക്കാറില്ല. വേനൽ മഴ ലഭിക്കുന്നതിനാൽ ചില ദിവസങ്ങളിൽ ഉപഭോഗം കുറയും. അപ്പോൾ വൈദ്യുതി മിച്ചമാകുന്നത് തടയാനാണ് മുൻകൂട്ടിയുള്ള കരാർ ഒഴിവാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ മറ്റുവഴികൾ നോക്കുന്നുണ്ട്. ഉൽപ്പാദകരുമായി നേരിട്ട് കരാറിൽ ഏർപ്പെടാനും ആലോചിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.  

English Summary: Power cut kerala today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com