ടി.ശിവദാസമേനോന് വിട; സംസ്കാരം മഞ്ചേരിയിൽ, ആദരാജ്ഞലി അർപ്പിച്ച് പ്രമുഖർ

Mail This Article
മലപ്പുറം∙ ഇന്നലെ അന്തരിച്ച മുന്‍മന്ത്രി ടി. ശിവദാസമേനോന്‍റെ സംസ്കാരം നടന്നു. ഒൗദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിലെ മകളുടെ വസതിയിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
നിയമസഭ തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ടി. ശിവദാസ മേനോനുമായി ആത്മബന്ധമുള്ളവരെല്ലാം അവസാനനോക്കു കാണാന്‍ എത്തിയിരുന്നു. സര്‍ക്കാരിന്‍റെ ഒൗദ്യോഗിക ബഹുമതികള്‍ക്കു പിന്നാലെ പാര്‍ട്ടിയുടെ യാത്രയയപ്പ്. ചെറുമകള്‍ ഡോ. നീത ശ്രീധരന്‍ ചിതയ്ക്ക് തീ കൊളുത്തി.

ഭാര്യ ഭവാനി അമ്മയുടെ അന്ത്യവിശ്രമ സ്ഥാനത്തോടു ചേര്‍ന്നാണ് ടി. ശിവദാസ മേനോനും ചിതയൊരുക്കിയിരുന്നത്. രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളാണ് മഞ്ചേരിയിലേക്ക് ഒഴുകി എത്തിയിരുന്നത്. സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, പി. രാജീവ്, കെ, കൃഷ്ണന്‍കുട്ടി, കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തുടങ്ങിയവരെല്ലാം അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
English Summary: Sivadasa Menon's funeral was held in Manjeri