‘ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹം’; മുർമുവിന് ആശംസയുമായി ലോകം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകളുമായി ലോകനേതാക്കൾ. മുർമുവിനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ മുർമുവിനു കഴിയട്ടെയെന്നും വിവിധ രാഷ്ട്രത്തലവന്മാർ ആശംസിച്ചു.
വ്യത്യാസങ്ങൾ മികവോടെ കൈകാര്യം ചെയ്ത്, രാഷ്ട്രീയമായ പൊതുവിശ്വാസം ശക്തിപ്പെടുത്താനും പ്രായോഗിക സഹകരണം ആഴത്തിലാക്കാനും മുർമുവുമായി സഹകരിക്കാൻ തയാറാണെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. പരസ്പരം വളരെ പ്രാധാന്യമുള്ള അയൽക്കാരാണ് ഇന്ത്യയും ചൈനയും. രണ്ടു രാജ്യങ്ങളുടെയും അവിടത്തെ ജനതയുടെയും താൽപര്യാർഥം ആരോഗ്യകരവും സ്ഥിരതയുള്ളതുമായ ബന്ധം അനിവാര്യമാണ്. മേഖലയുടെയും ലോകത്തിന്റെയും സമാധാനം, സ്ഥിരത, വികസനം എന്നിവയ്ക്കും ഇന്ത്യ–ചൈന ബന്ധം ആവശ്യമാണ് – ചിൻപിങ് വ്യക്തമാക്കി.
ഫലപ്രദമായ രീതിയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ സാധ്യമാക്കാൻ മുർമുവിനു സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആശംസ. രാഷ്ട്രപതി എന്ന നിലയിൽ വ്യത്യസ്ത മേഖലകളിൽ ഇന്ത്യ – റഷ്യ സഹകരണവും സംവാദവും പ്രോത്സാഹിപ്പിക്കാൻ മുർമുവിനു കഴിയുമെന്നാണു പ്രതീക്ഷ. സവിശേഷ പരിഗണനയുള്ള പങ്കാളിത്ത രാജ്യമെന്ന നിലയിലും, രാജ്യാന്തര സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പ്രധാനമായതിനാലും രണ്ടു സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രധാനമാണ് – പുട്ടിൻ പറഞ്ഞു.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും മുർമുവിനെ അഭിനന്ദിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ഓർമിപ്പിച്ച റനിൽ, സംയുക്ത സംരംഭങ്ങൾക്കു പുതിയ പ്രചോദനമാകാൻ മുർമുവിന്റെ സാരഥ്യത്തിനു കഴിയട്ടെയെന്ന് ആശംസിച്ചു. ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച രാവിലെയാണു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
English Summary: World leaders congratulate India's new President Droupadi Murmu