‘എനിക്ക് പോകാനൊരു വീടില്ല, എല്ലാം നിങ്ങൾ ചാമ്പലാക്കിയില്ലേ?’: സമരക്കാരോട് റനിൽ
Mail This Article
കൊളംബോ ∙ തനിക്കു പോകാൻ സ്വന്തമായി വീടില്ലെന്നു ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ‘പ്രസിഡന്റ് വീട്ടിൽ പോകണം’ എന്ന ആവശ്യമുയർത്തി തെരുവിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരോടാണു റനിലിന്റെ പ്രതികരണം. പ്രധാനമന്ത്രിയായിരിക്കെ റനിലിന്റെ വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയതു സൂചിപ്പിച്ചാണു പരാമർശം.
‘കുറച്ചാളുകൾ പ്രതിഷേധത്തിലാണ്. ഞാൻ വീട്ടിലേക്കു മടങ്ങണം എന്നാണവരുടെ ഭീഷണി കലർന്ന ആവശ്യം. വീടില്ലാത്ത ഒരാളോടു വീട്ടിലേക്കു തിരിച്ചുപോകണം എന്നു പറയുന്നതു കഴമ്പില്ലാത്ത കാര്യമാണ്’– കാൻഡി നഗരത്തിലെ പരിപാടിയിൽ റനിൽ പറഞ്ഞതായി കൊളംബോ ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ ആവശ്യത്തിനായി സമരം ചെയ്യുന്നതു സമയം പാഴാക്കലാണ്. ഇതിനു പകരം രാജ്യമോ തന്റെ വസതിയോ പുനർനിർമിക്കാനാണു സമരക്കാർ ശ്രമിക്കേണ്ടെതെന്നും റനിൽ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചുനിന്നു രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാകുകയാണു വേണ്ടത്. താൻ പ്രധാനമന്ത്രിയായിരിക്കെ, രാജ്യാന്തര നാണ്യനിധിയുമായി (ഐഎംഎഫ്) സാധ്യമാകുമായിരുന്ന കരാർ സമരങ്ങൾ കാരണം വൈകിപ്പോയെന്നും റനിൽ വിമർശിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോട്ടബയ രാജ്യംവിട്ടോടിയതിനു പിന്നാലെയാണു റനിലിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ഒരു നേതാവിന്റെ തെറ്റിദ്ധാരണ പരത്തിയ ട്വീറ്റാണു തന്റെ വസതി അക്രമികൾ അഗ്നിക്കിരയാക്കാൻ കാരണമായതെന്നു റനിൽ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. ‘ഹിറ്റ്ലറുടെ മനോഭാവവുമായി വന്ന അക്രമികളാണു വീടാക്രമിച്ചത്. എനിക്ക് ആകെയുള്ള വീടാണിത്. വിദേശത്തു വീടുകളുള്ള രാഷ്ട്രീയ നേതാവല്ല ഞാൻ. വീട്ടിലുണ്ടായിരുന്ന 2500 പുസ്തകങ്ങളുള്ള ലൈബ്രറിയാണ് എന്റെ സമ്പാദ്യം. ഞങ്ങൾ അതൊരു കോളജിന് കൈമാറാനിരുന്നതാണ്. 200 വർഷം പഴക്കമുള്ള പെയിന്റിങ്ങുകളുണ്ടായിരുന്നു. എല്ലാം ചാമ്പലാക്കി’– റനിലിന്റെ വാക്കുകൾ.
English Summary: "No Home To Go To": Lanka President On House Burnt Down By Protesters