ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയ്ക്ക് ജാമ്യം; കേസിൽ ജാമ്യം കിട്ടുന്ന ആദ്യ പ്രതി
Mail This Article
നിലമ്പൂർ ∙ പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റ ഭാര്യ ഫസ്നക്ക് (28) മഞ്ചേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചു വയ്ക്കുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്ന കുറ്റം ചുമത്തി ഫസ്നയെ ജൂലൈ 25ന് മേപ്പാടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ പി.വിഷ്ണുവാണ് വയനാട്ടിലെത്തി ഫസ്നയെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന ഫസ്ന ജാമ്യം കിട്ടിയതോടെ മഞ്ചേരി സബ് ജയിലിൽ നിന്ന് ഇന്നലെ പുറത്തിറങ്ങി. പ്രതിക്കു വേണ്ടി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ പി.കെ.ബാബു ഹാജരായി.
കേസിൽ ഷൈബിൻ അഷ്റഫ് ഉൾപ്പെടെ അറസ്റ്റിലായി റിമാൻഡ് ചെയ്ത 12 പ്രതികളിൽ ആദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിക്കുന്നത്. 2 പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.
English Summary: Wife of Kerala healer’s killer Shaibin Ashraf gets bail