കാപ്പ പ്രതിയുടെ ഒളിസങ്കേതത്തിൽ റെയ്ഡ്; 50 ലക്ഷത്തിന്റെ ലഹരിയും 2 വടിവാളും പിടിച്ചു

Mail This Article
തിരൂർ ∙ കാപ്പ ചുമത്തിയ പ്രതിയുടെ ഒളിസങ്കേതത്തിൽനിന്ന് പൊലീസ് പിടിച്ചെടുത്തത് 50 ലക്ഷത്തിന്റെ ലഹരിയും വടിവാളുകളും. കഞ്ചാവ് കടത്തു കേസുകളിൽ നിരന്തരമായി ഉൾപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ പൊന്നാനി അഴീക്കൽ ഷമീമിന്റെ മംഗലം ചേന്നരയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിലക്ക് ലംഘിച്ച് ഇയാൾ കഴിഞ്ഞദിവസം ജില്ലയിൽ പ്രവേശിച്ചിരുന്നു.
വിവരമറിഞ്ഞ പൊന്നാനി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിച്ചത്. തിരൂർ പൊലീസ് ഇവിടെ നടത്തിയ പരിശോധനയിൽ ഒരു കിലോ ഹഷീഷ് ഓയിലും 15 കിലോ കഞ്ചാവും 2 വടിവാളുകളും കണ്ടെടുത്തു. ഒളിസങ്കേതത്തിൽ ഉണ്ടായിരുന്ന പുറത്തൂർ സ്വദേശി നവാസ്, ചേന്നര സ്വദേശി മുഹമ്മദ് ഷാമിൽ, പൊന്നാനി സ്വദേശികളായ വിഷ്ണു, ബദറുദ്ദീൻ എന്നിവരെ പിടികൂടി. ഒരാൾ പൊലീസിനെ കണ്ട് ഓടിപ്പോയി. കഞ്ചാവ് കടത്ത് സംഘങ്ങൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങളിൽ ഉപയോഗിക്കാനാണ് ആയുധങ്ങൾ കൈവശം വച്ചതെന്നാണ് പൊലീസ് കരുതുന്നത്.
English Summary: Drugs and arms seized from criminal at Tirur