ADVERTISEMENT

മോർബി ∙ ഗുജറാത്തിൽ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 81 കടന്നതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ. ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണിക്കു ശേഷം പാലം ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്.

അപകടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങൾ അന്വേഷിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ ബന്ധപ്പെട്ടു. അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും നൽകും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ട്വിറ്ററിലൂടെ ധനസഹായം പ്രഖ്യാപിച്ചത്. ഞായറാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ മുഖ്യമന്ത്രി മോർബിയിലെത്തി.

അപകടത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സങ്‌ഗ്‌വി അറിയിച്ചു. അപകട സമയത്ത് പാലത്തിൽ 150നു മുകളിൽ ആളുകളുണ്ടായിരുന്നതായി അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സർക്കാർ രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേന, ജില്ലാ കലക്ടർ, പൊലീസ് മേധാവി, ഡോക്ടർമാർ, ആംബുലൻസുകൾ തുടങ്ങിയവ സ്ഥലത്തെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary: A cable bridge collapsed in the Machchhu river, Morbi in Gujarat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com