കാണാതായ എംഎച്ച്370 വിമാനം കടലിലേക്ക് ഇടിച്ചിറക്കി?; കിട്ടിയത് ലാൻഡിങ് ഗിയറിന്റെ വാതിൽ
Mail This Article
ക്വാലലംപുർ∙ എട്ടുവർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 വിമാനം സമുദ്രത്തിൽ ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനവുമായി വിദഗ്ധർ. 25 ദിവസം മുൻപ് മഡഗാസ്കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് ഇത്തരമൊരു അഭിപ്രായം വിദഗ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
വിമാനത്തിന്റെ ലാൻഡിങ് ഗിയറിന്റെ വാതിലാണ് മത്സ്യത്തൊഴിലാളിയുടെ വീട്ടിൽനിന്നു കണ്ടെത്തിയത്. 2017ൽ ഫെർണാണ്ടോ കൊടുങ്കാറ്റിനെത്തുടർന്ന് തീരത്തടിഞ്ഞ അവശിഷ്ടങ്ങളിൽനിന്നാണ് ടറ്റാലിയെന്ന മത്സ്യത്തൊഴിലാളിക്ക് വാതിൽ ലഭിക്കുന്നത്. ഇതിന്റെ പ്രാധാന്യം അറിയാതെ അഞ്ചു വർഷമായി തുണി അലക്കാൻ ഭാര്യയ്ക്കു നൽകിയിരിക്കുകയായിരുന്നു ഇയാൾ. വിമാനം മനപ്പൂർവം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വിമാനം മനപ്പൂർവം ഇടിച്ചിറക്കുകയായിരുന്നുവെന്ന് ബ്രിട്ടിഷ് എൻജിനീയർ റിച്ചാർഡ് ഗോഡ്ഫ്രെയും എംഎച്ച് 370ന്റെ റെക്കേജ് ഹണ്ടറായ ബ്ലെയ്ൻ ഗിബ്സണും പറയുന്നു. വാതിലിലെ പൊട്ടലും പോറലും മറ്റും സൂചിപ്പിക്കുന്നത് ഈ നിഗമനമാണെന്ന് ഇരുവരും പറയുന്നു. 2014ലെ ദുരന്തത്തിൽ 239 യാത്രക്കാരുടെ ജീവനാണ് പൊലിഞ്ഞത്. വിമാനത്തെക്കുറിച്ചോ വിമാനത്തിൽ യാത്ര ചെയ്തിരുന്നവരെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അപ്രത്യക്ഷമാകലിനെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ ഉയർന്നുവരികയും ചെയ്തിരുന്നു.
English Summary: Was MH370 Deliberately Downed By Pilot? Debris Offers New Clues To Mystery