സൂപ്പർഹീറോ പോരാളികളായി താരങ്ങൾ; വിസ്മയ കാഴ്ചകളുമായി മനോരമ കലണ്ടർ ആപ്

Mail This Article
നന്മയും തിന്മയും തമ്മിൽ കൊടുംയുദ്ധം നടക്കുന്ന ഒരു സമാന്തര പ്രപഞ്ചത്തിന്റെ കാഴ്ചകളാണ്, മലയാളികളുടെ പ്രിയതാരങ്ങളെ വ്യത്യസ്തമായ ലുക്കുകളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മനോരമ കലണ്ടര്‍ ആപ്ലിക്കേഷനിൽ ഇത്തവണ ചുരുൾ നിവരുന്നത്. ജ്വലിക്കുന്ന കരുത്തും കൊടുങ്കാറ്റിന്റെ വേഗവുമുള്ള അമാനുഷരായ പോരാളികളായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരങ്ങളാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ കലണ്ടറിന്റെ ആശയവും ആവിഷ്കാരവും ഫാഷൻ മോങ്ഗറാണ്.
ഫോട്ടോഷൂട്ടിന്റെ ഭാഗമായ ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.
∙ ഹിമഭൂമിയിലെ അർധദേവൻ, കരുത്തനായ യോദ്ധാവ്
അപാരമായ കരുത്തുള്ള, പകുതി മനുഷ്യനും പകുതി ദേവനുമായ യോദ്ധാവാണ് ജയസൂര്യയുടെ കഥാപാത്രം. രാത്രിയും പകലും തമ്മിൽ വ്യത്യാസം വളരെക്കുറവുള്ള ധ്രുവമേഖലയിലൊരിടത്ത്, തന്റെ ജനങ്ങളെ ശത്രുക്കളിൽനിന്നു സംരക്ഷിച്ചും അവർക്കു വേണ്ടി വേട്ടയ്ക്കു നേതൃത്വം നൽകിയും ജീവിക്കുന്ന അവരുടെ നേതാവാണ്.
∙ വനത്തിന്റെ നിഗൂഢരാജ്ഞി; രഹസ്യങ്ങളുടെ സംരക്ഷക
വനത്തിന്റെ രാജ്ഞിയും ജീവജാലങ്ങളുടെ രക്ഷകയുമാണ് ഭാവന. നിഗൂഢത നിറഞ്ഞ കഥാപാത്രം. തലമുറകളായി കൈമാറിവരുന്ന വനത്തിന്റെ നിഗൂഢ രഹസ്യങ്ങളുടെ ഇപ്പോഴത്തെ കാവൽക്കാരി കൂടിയാണ് അവൾ. അതിന്റെ അടയാളമാണ് കയ്യിലെ വലിയ താക്കോൽ.

∙ വിനാശകാരിയായ യോദ്ധാവ്
വിനാശകാരിയും പരുക്കനും കരുത്തനുമായ, ഒന്നിനും നിയന്ത്രിക്കാനാവാത്ത യോദ്ധാവാണ് സുരാജ്. സവിശേഷ ശക്തിയുള്ള ചിറകുകളാണ് അയാളുടെ പ്രത്യേകത. ഒരു വലിയ യുദ്ധത്തിനൊടുവിൽ, ചോര പൊടിയുന്ന മുറിവുകളുമായി വിശ്രമിക്കുകയാണ് അയാൾ.
∙ കാട്ടുതീയുടെ കരുത്തുള്ള പോരാളി
നിയന്ത്രിക്കാനാവാത്ത ദേഷ്യമുള്ള പോരാളിയാണ് സാനിയ. ഏതോ കനത്ത ആക്രമത്തെ അതിജീവിച്ച്, ഒരു സൈന്യമുണ്ടാക്കി അതിനെ നയിക്കുന്ന, അമാനുഷ കഴിവുകളുള്ള യോദ്ധാവ്. വനമാണ് അവളുടെ പോരാട്ടത്തിന്റെ പശ്ചാത്തലം.
∙ സമത്വത്തിന്റെ പോരാളി; രാത്രി സഞ്ചാരി
നഗരത്തിലെ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ പൊരുതുന്ന, നിശ്ചയദാർഢ്യമുള്ള പോരാളിയെയാണ് നമിത അവതരിപ്പിക്കുന്നത്. റോബിൻ ഹുഡിനെ അനുസ്മരിപ്പിക്കുന്ന അവളുടെ സഞ്ചാരവും പോരാട്ടങ്ങളും രാത്രികാലങ്ങളിലാണ്. നഗരത്തിനു ചേരുന്ന പരിഷ്കൃതവേഷമാണെങ്കിലും പരമ്പരാഗതമായ അമ്പും വില്ലുമാണ് ആയുധം. നഗരത്തിലെ അസമത്വങ്ങൾ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
∙ മനസ്സുകളെ നിയന്ത്രിക്കുന്ന അമാനുഷൻ
ഹിപ്നോട്ടിക് നോട്ടം കൊണ്ട് ആരുടെയും മനസ്സിനെ നിയന്ത്രണം ഏറ്റെടുക്കാൻ ശേഷിയുള്ള കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. കൈവിരലുകൾ ഉപയോഗിച്ചാണ് അയാൾ മനസ്സുകളെ നിയന്ത്രിക്കുന്നത്. അവർ പിന്നെ അയാളുടെ കളിപ്പാവകളാകും. വളരെ സങ്കീർണമായ മനോനിലയും ചിന്തയുമുള്ള ഈ കഥാപാത്രം എന്താണു ചെയ്യാൻ പോകുന്നതെന്ന് ആർക്കും കണക്കുകൂട്ടാനാവില്ല.
പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.
പ്രധാനപ്പെട്ട ദിവസങ്ങൾ, സംഭവങ്ങൾ എന്നിവ രേഖപ്പെടുത്താനും അലാം ക്രമീകരിക്കാനും സാധിക്കും. ഓരോ ദിവസവും കാണേണ്ട ആളുകൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉള്‍പ്പെടുത്താം. നിങ്ങളുടെ ഫോണിലെയോ മറ്റ് ഉപകരണങ്ങളിലെയോ കലണ്ടറുമായി യോജിച്ചു പ്രവർത്തിക്കാനും മനോരമ കലണ്ടറിന് സാധിക്കും. രാശി നോക്കാനും അത് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാനും സാധിക്കുന്ന സംവിധാനവും ആപ്പിലുണ്ട്. ശുഭമുഹൂർത്തം, ഞാറ്റുവേല, ഉദയാസ്തമയം, നമസ്കാര സമയം, ആഘോഷ ദിവസങ്ങൾ എന്നിവയും കണ്ടെത്തുക എളുപ്പമാണ്. പഞ്ചാംഗത്തിൽ നിന്നുള്ള സുപ്രധാന വിവരങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നു തൊട്ടാല്‍ ഒരോ ദിവസത്തെ എല്ലാ വിവരങ്ങളും പേജിൽ തെളിയും.
ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.
വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.
ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്ചെയ്യുക.
ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക്ചെയ്യുക.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം.
English Summary: Manorama Calendar 2023 App launch