പിണറായിയും രാഹുലും ത്രിപുരയില് പ്രചാരണത്തിന് പോകാത്തതെന്ത്?: ബിജെപി നേതാവ്
Mail This Article
കാസർകോട്∙ കേരളത്തിൽ ത്രിപുര ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയനും സിപിഎമ്മുമായി മതേതര സഖ്യം ഉണ്ടാക്കിയ കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എന്തുകൊണ്ട് ത്രിപുരയിൽ പ്രചരണത്തിനു പോയില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ് കെ.ശ്രീകാന്ത്. തെലങ്കാനയിലും കർണാടകയിലും മറ്റു പലരും സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ പറന്നെത്തുന്ന പിണറായി സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികൾക്കു വേണ്ടി വോട്ട് അഭ്യർഥനയുമായി ത്രിപുരയിൽ ഒരു ദിവസം പോലും എത്താത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
‘‘ബിജെപിയെ പുറത്താക്കാൻ കമ്യൂണിസ്റ്റുകാർക്കൊപ്പം ചേർന്ന രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ പോലും ഒഴിഞ്ഞുമാറി വയനാട്ടിൽ ഓടി ഒളിച്ചതെന്തിന്?. ബിജെപിയെ അകറ്റാൻ ത്രിപുരയിൽ ഒന്നിച്ചതിനെ കേരളത്തിലിരുന്ന് ‘വർഗീയ വിരുദ്ധ’ ന്യായീകരണ അട്ടഹാസം മുഴക്കുന്നവർ പേരിനെങ്കിലും പ്രചരണത്തിന് എത്താത്തത് എന്തുകൊണ്ട്?. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് - സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ത്രിപുരയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ഉന്നയിച്ച വിമർശനങ്ങൾക്കു കേരളത്തിൽ ഒളിച്ചിരുന്നു മറുപടി പറയുന്നതാണ് ഹീറോയിസം എന്ന് കരുതിയാണോ?’’– അദ്ദേഹം ചോദിച്ചു.
ഗോദയിൽ ഇറങ്ങുന്നതിനു മുൻപേ തന്നെ തോൽവി സമ്മതിക്കലാണോ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രമുഖ നേതാക്കളുടെ ഈ ഒഴിഞ്ഞുമാറലെന്ന് ആരാഞ്ഞ അദ്ദേഹം, ത്രിപുര നാളെ പോളിങ് ബൂത്തിലേക്കു ചെല്ലുമ്പോൾ ഉയരുന്ന ഈ ചോദ്യങ്ങൾക്ക് ഇരു പാർട്ടികളും ഉത്തരം നൽകണമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
English Summary: Why Pinarayi Vijayan and Rahul Gandhi didn't campaign for Tripura Election: BJP Leader