ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചു നൽകിയ ശമ്പളം പ്രൈസ് വാട്ടർ കൂപ്പേഴ്സിൽനിന്ന് (പിഡബ്ല്യുസി) തിരിച്ചു പിടിക്കാനായില്ല. പിഡബ്ല്യുസിയാണ് സ്വപ്നയുടെ പേര് ജോലിക്കായി നിർദേശിച്ചത്. പിഡബ്ല്യുസിയിൽനിന്ന് തുക തിരിച്ചുപിടിക്കാനായില്ലെങ്കിൽ അന്നത്തെ ഐടി സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) ചെയർമാനുമായിരുന്ന എം.ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് തുക ഈടാക്കണമെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്.

ശിവശങ്കർ കഴിഞ്ഞ മാസം സർവീസിൽനിന്ന് വിരമിച്ചിരുന്നു. സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പിഡബ്ല്യുസി, കെഎസ്ഐടിഐഎല്ലിനെ അറിയിച്ചിരുന്നു. പിഡബ്ല്യുസിയെ സർക്കാർ കരാറുകളിൽനിന്ന് വിലക്കേർപ്പെടുത്തിയതിന് എതിരെ കോടതിയിൽ കേസുണ്ട്. സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കുന്ന നിയമ നടപടികൾ ഈ കേസിന്റെ ഭാഗമായി മാറിയെന്ന് കെഎസ്ഐടിഐഎൽ അധികൃതർ പറഞ്ഞു. തുക തിരിച്ചടയ്ക്കാതെ, കെ ഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണു സ്ഥാപനത്തിന്റെ തീരുമാനം.

Read Also: ‘സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു; പദവി ചെറുതെങ്കിലും ഇരട്ടി ശമ്പളം’...

കെഎസ്ഐടിഐഎല്ലിനു കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി. 

സ്വപ്ന സുരേഷ്, എം.ശിവശങ്കര്‍ (Screengrab: Manorama News)
സ്വപ്ന സുരേഷ്, എം.ശിവശങ്കര്‍ (Screengrab: Manorama News)

പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ എം.ശിവശങ്കർ, അന്നത്തെ കെഎസ്ഐടിഐഎൽ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് നിർദേശിച്ചു. ജോലിക്കായി സ്വപ്ന സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

English Summary: Kerala Government can't recover salary paid to Swapna Suresh from PWC, while she worked as a junior consultant at Space Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com