ADVERTISEMENT

തിരുവനന്തപുരം∙ ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള ‘ഹിന്ദുസ്‌ഥാൻ സമാചാറി’നെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തെ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ എക്കാലവും സംഘപരിവാറിനായി പ്രവർത്തിച്ച വാർത്താ ഏജൻസിയാണ്.

അധികാരത്തിലേറിയ കാലം മുതൽ പ്രസാർ ഭാരതിയെ ചൊൽപ്പടിയിൽ നിർത്താനുള്ള ശ്രമങ്ങളിലാണു സംഘപരിവാർ. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവച്ച പ്രസാർ ഭാരതി, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്.

ആർഎസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓർഗനൈസറിന്റെയും ഗ്രൂപ്പ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാർ ഭാരതിയുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി 2020ൽ കേന്ദ്രം നിയമിച്ചത്. രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസികളായ പിടിഐയുടെയും യുഎൻഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണു പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത് എന്നാണ് വാർത്ത.

വാർത്താമാധ്യമങ്ങളെ കോർപ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദർശനെയും ആകാശവാണിയെയും പരിപൂർണമായും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവയ്ക്കുന്നതാണ്. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രായോഗികവൽക്കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English Summary: Centre saffronizing news by appointing Sangh Parivar backed agency as Prasar Bharati’s news source: Kerala CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com