13കാരന്റെ കുഞ്ഞിനെ പ്രസവിച്ച് 31കാരി; തടവുശിക്ഷ വേണ്ടെന്ന് കോടതി: വിവാദം
Mail This Article
വാഷിങ്ടൻ ∙ പതിമൂന്നുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസ്സുകാരിയെ വെറുതെവിട്ട് പൊലീസും കോടതിയും. ആൻഡ്രിയ സെറാനോ എന്ന യുവതിയാണ് 13 വയസ്സുകാരനുമായുള്ള ബന്ധത്തിൽ കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ വർഷം യുഎസിലെ കൊളറാഡോയില്‍നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു എന്നതടക്കമുള്ള കുറ്റം യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നു.
ചെയ്ത കുറ്റം ഇല്ലെന്ന് സ്ഥാപിക്കുന്നില്ല, പക്ഷേ ഇവരെ ജയിലിൽ ഇടരുതെന്നായിരുന്നു സെറാനോയുടെ അഭിഭാഷകൻ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ആൺകുട്ടിയുടെ അമ്മ ഈ കോടതി ഉത്തരവ് അംഗീകരിക്കാനാവുന്നതല്ലെന്ന് പ്രതികരിച്ച് രംഗത്തെത്തി.
‘‘എന്റെ മകന്റെ കുട്ടിക്കാലമാണ് അപഹരിക്കപ്പെട്ടത്. അവൻ ഈ ചെറിയ പ്രായത്തിൽ ഒരു അച്ഛനായിരിക്കുന്നു. അവൻ ഒരു ഇരയാണ്, ജീവിതകാലം മുഴുവൻ അതങ്ങനെ തന്നെയായിരിക്കില്ലേ? പീഡിപ്പിക്കപ്പെട്ടത് ഒരു ചെറിയ പെൺകുട്ടിയും പീഡിപ്പിച്ചത് ഒരു യുവാവുമായിരുന്നെങ്കിലോ? അപ്പോൾ സാഹചര്യങ്ങൾ മാറിമറിയില്ലായിരുന്നോ? ഇരയാക്കപ്പെട്ടത് ഒരു പെൺകുട്ടി അല്ല എന്ന കാരണത്താലാണ് എന്റെ മകന് നീതി നിഷേധിക്കപ്പെട്ടത്’’ എന്നായിരുന്നു ആൺകുട്ടിയുടെ അമ്മ വൈകാരികമായി പ്രതികരിച്ചത്.
കുറഞ്ഞത് പത്തുവർഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആൻഡ്രിയ സെറാനോ ചെയ്തിരിക്കുന്നതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നത് കുറ്റകരമാണെന്ന് സമ്മതിക്കുമ്പോഴും അവർ ഒരു സ്ത്രീയല്ലേ എന്ന പരിഗണനയോടെയാണ് മറ്റൊരു വിഭാഗം മുന്നോട്ടുവരുന്നത്.
English Summary: US Woman, 31, Who Gave Birth To 13-Year-Old Boy's Baby, Won't Go To Jail