'ഇന്ത്യ സാഹചര്യം ചൂഷണം ചെയ്തു'; പുല്‍വാമ വെളിപ്പെടുത്തല്‍ ആയുധമാക്കി പാക്കിസ്ഥാന്‍
Mail This Article
ഇസ്ലാമാബാദ്∙ പുല്‍വാമ ആക്രമണം സംബന്ധിച്ച ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങള്‍ ആയുധമാക്കി പാക്കിസ്ഥാന്‍. മാലിക്കിന്റെ വെളിപ്പെടുത്തൽ പാക്കിസ്ഥാനെ കുറ്റവിമുക്തരാക്കി. രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സാഹചര്യം ചൂഷണം ചെയ്തു. ഇന്ത്യന്‍ സമീപനം മേഖലയില്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമായിരുന്നുവെന്നും ഇത് രാജ്യാന്തര സമൂഹം കണക്കിലെടുക്കണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.
പുല്‍വാമയിലെ പാക് നിലപാട് ശരിവയ്ക്കുന്നതാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലെന്ന് പാക് വിദേശകാര്യമന്ത്രാലയവും കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. പുല്‍വാമയില്‍ സൈനികരുടെ ജീവന്‍ നഷ്ടമായത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിഴവ് കൊണ്ടാണെന്നും ആവശ്യപ്പെട്ട വിമാനങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തില്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയോട് ഫോണിലൂടെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും എന്നാല്‍ മിണ്ടാതെയിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു.
English Summary: Pakistan PM says Satya Pal Malik’s claims on Pulwama attack vindicate pak position