ജയിലില് കിടന്നത് 88 ദിവസം, പൊലീസിന്റെ വാശിയിൽ തകർന്നത് ബിസിനസും സ്വപ്‌നങ്ങളും
Mail This Article
മലപ്പുറം ∙ സന്തോഷത്തോടെ ഒത്തുകൂടാൻ പോയ ആ നാലു ചെറുപ്പക്കാരെ കാത്തിരുന്നത് 88 ദിവസത്തെ ജയിൽവാസം. നഷ്‌ടമായത് ബിസിനസും ജോലിയും കുടുംബജീവിതവും പിന്നെ ഒരുപിടി സ്വപ്‌നങ്ങളും. ലഹരിമരുന്നെന്നു സംശയിച്ച് അവരുടെ വാഹനത്തിൽനിന്നു പൊലീസ് പിടിച്ചെടുത്ത വസ്തുവിന്റെ പേരിലായിരുന്നു ഈ പീഡനം. ഒടുവിൽ, അതു ലഹരിമരുന്നല്ലെന്നു പരിശോധനാഫലം വന്നതോടെയാണ് അവർ പുറത്തിറങ്ങിയത്. മാനസികമായി തകർത്തുകളഞ്ഞ ആ അനുഭവം പങ്കുവയ്‌ക്കുകയാണ് യുവാക്കളിലൊരാളായ മലപ്പുറം കുറുവ കരിഞ്ചാപ്പാടി സ്വദേശി കരുവള്ളി ഷഫിഖ്.
‘‘സന്തോഷത്തോടെ സുഹൃത്തുക്കളുമായി ഒത്തുകൂടാൻ പോയ ദിവസമാണ് ജീവിതം മാറ്റി മറിച്ചത്. അന്നും ഇന്നും ഞങ്ങൾ ആവർത്തിച്ചു പറയുന്നു, ഞങ്ങളിൽനിന്നു പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ല. എന്നാൽ പൊലീസ് അംഗീകരിക്കുന്നില്ലെന്നു മാത്രം. പൊലീസിന്റെ വാശിയാണ് ജീവിതം ദുരിതത്തിലാക്കിയത്. കൂട്ടുകാരിൽ ഒരാൾക്ക് വിദേശത്തു ലഭിച്ച ജോലി പോയി, മറ്റൊരാളുടെ ഭാര്യ ഉപേക്ഷിച്ചു പോയി. നാട്ടുകാരുടെ മുന്നിൽ അപമാനിക്കപ്പെട്ടു. മൂന്നുമാസത്തോളം ജയിലിലെ ദുരിതമനുഭവിച്ചു. ഇനിയും തെളിയാത്തൊരു കേസിന്റെ പേരിലാണ് ഇതെല്ലാം. ഒരുപാട് കഷ്‌ടപ്പെട്ടിട്ട് കഴിഞ്ഞ ആഴ്ചയാണ് മൊബൈൽ ഫോണും പണവുമെല്ലാം തിരികെ ലഭിച്ചത്.
2022 ഒക്‌ടോബർ 24 നാണ് കേസിന് ആസ്‌പദമായ സംഭവം. ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ, മണിയാണിരിക്കടവ് പാലത്തിനു സമീപം പരിശോധിക്കുന്നതിനിടെ ലഭിച്ച വെളുത്ത പൊടി എംഡിഎംഎയാണ് എന്നാരോപിച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുല്ല എന്നിവരായിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്. മുബഷീർ വിദേശത്തുനിന്നു കൊണ്ടുവന്ന സുഗന്ധവസ്തുവാണ് അതെന്നും വണ്ടിയിൽ സുഗന്ധത്തിനായി പുകച്ച് ഉപയോഗിക്കുന്നതാണെന്നും പറഞ്ഞിട്ടും പൊലീസ് അംഗീകരിച്ചില്ല. എംഡിഎംഎ ആണെന്നു സ്ഥിരീകരിച്ചെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ഉപദ്രവിക്കുകയായിരുന്നു. കോടതി വഴി കടുത്ത സമ്മർദ്ദം നടത്തിയാണ് രാസപരിശോധന വേഗത്തിലാക്കാനായത്. അത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെയാണ് പുറത്തിറങ്ങാനായത്’’ – ഷഫീഖ് പറഞ്ഞു.
കെഎസ്ഇബിയിലെ കരാർ ജോലികൾ ചെയ്യുന്നയാളാണ് ഷഫീഖ്. ജയിലിലായ കാലത്ത് നിരവധി ബില്ലുകൾ പാസാക്കാനാകാതെ ബിസിനസ് തകർന്നു. കുടുംബമാകെ കടുത്ത മാനസികാഘാതത്തിലായിരുന്നു. പിടികൂടിയ വസ്തു രണ്ടു ലാബുകളിലാണ് പൊലീസ് പരിശോധിച്ചത്. നെഗറ്റീവായിരുന്നു ഫലം. പൊലീസിനു ലഹരിമരുന്നു പോലും തിരിച്ചറിയാനാകാത്തതും കേസ് റജിസ്റ്റർ ചെയ്യണമെന്ന വാശിയുമാണ് ജീവിതത്തെ ബാധിച്ചതെന്ന് ഷഫിഖ് പറയുന്നു. അതിനെതിരെ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയേയും മനുഷ്യാവകാശ കമ്മിഷനേയും സമീപിക്കാനൊരുങ്ങുകയാണ് ഷഫീഖും സുഹൃത്തുക്കളും.
അതേസമയം, വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന മാരക ലഹരിമരുന്നുമായാണ് യുവാക്കളെ പിടികൂടിയത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് മൂന്നാമതൊരു ലാബിൽക്കൂടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.
English Summary: Accused Man Says about MDMA Fake Case