ഏക മകൾ, പഠനത്തിൽ മിടുക്കി; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്
![Vandana Das parents (Photo - Manoj Chemancheri / Manorama) ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളും ബന്ധുവും ആംബുലൻസിൽ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/10/vandana-das-parents.jpg?w=1120&h=583)
Mail This Article
കോട്ടയം∙ ‘ഡോ.വന്ദനദാസ് എംബിബിഎസ്’– കടുത്തുരുത്തി മാഞ്ഞൂരിലെ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. മകൾ രോഗിയുടെ ആക്രമണത്തിന് ഇരയായ വാർത്തയറിഞ്ഞ് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോയ അച്ഛനും അമ്മയും ഇനി മടങ്ങുക അവളുടെ ചേതനയറ്റ ശരീരവുമായാണ്. തങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമായ ഏകമകൾ ഇനിയില്ല എന്ന തിരിച്ചറിവ് ആ മാതാപിതാക്കൾക്ക് എത്രത്തോളം ഉൾക്കൊള്ളാനാകും.
ഡോക്ടറായ മകളിൽ അഭിമാനംകൊണ്ട മാതാപിതാക്കൾ അതേ ജോലിക്കിടെ മകൾ ഇല്ലാതായതിന്റെ ഞെട്ടലിലാണ്. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോൾ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം ഇവർ അറിയുന്നത്.
സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മോഹൻദാസും കുടുംബവും. ‘വളരെ നല്ല രീതിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയാണ്. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന കുട്ടി. ഞങ്ങൾ വളരെ വേദനയോടെയാണ് ഈ സംഭവം കേൾക്കുന്നത്. സഹിക്കാൻ കഴിയുന്ന കാര്യമല്ല ഇത്.’– നാട്ടുകാരിൽ ഒരാൾ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വന്ദനയുടെ വീട്ടിലെത്തി സംസ്കാര ചടങ്ങുകൾക്കു വേണ്ട ക്രമീകരണങ്ങൾ നടത്തുകയാണ്.
![dr-vandana-home dr-vandana-home](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/10/dr-vandana-home.jpg)
കുറവിലങ്ങാട് ഡിപോൾ സ്കൂളിലായിരുന്നു വന്ദനയുടെ സ്കൂൾ വിദ്യാഭ്യാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു.
![dr-vandana-home-3 കടുത്തുരിത്തി മാഞ്ഞൂരിലെ ഡോ.വന്ദനദാസിന്റെ വീട്. ചിത്രം.മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/10/dr-vandana-home-3.jpg)
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
English Summary: Dr. Vandana Das murder updates