ADVERTISEMENT

ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും മാത്രമല്ല, വിവിധ സമുദായങ്ങളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിച്ച് ഓൾ ഇന്ത്യ വീരശൈവ മഹാസഭ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ലിംഗായത്ത് വിഭാഗത്തിൽപ്പെടുന്ന 34 എംഎൽഎമാരാണ് ഇത്തവണ കോൺഗ്രസിനുള്ളത്. ബിജെപിയെ പിന്തുണച്ചിരുന്ന ലിംഗായത്ത് വിഭാഗം ഇത്തവണ കോൺഗ്രസിനു വോട്ട് ചെയ്തതാണ് ഇത്രയും വലിയ വിജയത്തിന് കാരണമെന്നും അതുകൊണ്ടുതന്നെ ലിംഗായത്ത് സമുദായത്തിൽനിന്ന് മുഖ്യമന്ത്രി വേണമെന്നും വീരശൈവ മഹാസഭ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.

∙ സ്വാധീനം 100 സീറ്റുകളിൽ

ലിംഗായത്ത് സമുദായത്തിൽനിന്നുള്ള 46 കോൺഗ്രസ് സ്ഥാനാർഥികളിൽ 34 പേർ ജയിച്ചെന്ന കാര്യം കത്തിൽ എടുത്തുപറയുന്നുണ്ട്. ഇത്തവണ ദാവണഗിരിയിൽനിന്നു ജയിച്ച തൊണ്ണൂറ്റൊന്നുകാരനായ ശമനുരു ശിവശങ്കരപ്പ ആണ് കർണാടകയിലെ ഏറ്റവും പ്രായം കൂടിയ എംഎൽഎ. അദ്ദേഹമാണ് വീരശൈവ മഹാസഭയുടെ പ്രസിഡന്റ്. മാത്രമല്ല, മറ്റ് 50 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിൽ ലിംഗായത്ത് സമുദായം പ്രധാന പങ്കുവഹിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കർണാടകയിലെ ജനസംഖ്യയിൽ 17 ശതമാനമാണ് ലിംഗായത്തുകൾ. 100 സീറ്റുകളിൽ ഇവർ നിർണായകഘടകമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടികളും മറ്റും പിന്തുണതേടി ലിംഗായത്ത് നേതാക്കളെ സമീപിക്കാറുണ്ട്. അടുത്ത വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും സമുദായത്തിന്റെ പിന്തുണ കോൺഗ്രസിനു വേണ്ടിവരുമെന്ന സൂചനയും മഹാസഭ ഖർഗെയ്ക്ക് എഴുതിയ കത്തിൽ നൽകുന്നു. അതികൊണ്ടുതന്നെ, ഇത്തവണ എംഎൽഎമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിസ്ഥാനം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

∙ യെഡിയൂരപ്പയെ നീക്കി, ലിംഗായത്ത് പിണങ്ങി

ബിജെപിയിൽനിന്നു കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ വോട്ടെടുപ്പിനു ദിവസങ്ങൾക്കു മുൻപുതന്നെ വ്യക്തമാക്കിയിരുന്നു ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ഇത്തവണ കോൺഗ്രസിനാണെന്ന്. മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെഡിയൂരപ്പയെ അഴിമതി ആരോപണങ്ങളുടെ പേരിൽ ബിജെപി നീക്കിയതാണ് ലിംഗായത്ത് സമുദായത്തിന്റെ എതിർപ്പിനു മൂലകാരണമെന്നു വിലയിരുത്തപ്പെടുന്നു. സമുദായത്തിലെ പ്രബലനായ നേതാവാണ് യെഡിയൂരപ്പ. അദ്ദേഹത്തെ മാറ്റി സമുദായത്തിലെ മറ്റൊരു നേതാവായ ബസവരാജ ബൊമ്മെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും അതു ഫലം കണ്ടില്ല. മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയ 4% സംവരണം നീക്കി അതു ലിംഗായത്ത്, വൊക്കലിഗ സമുദായത്തിനു നൽകിയുള്ള അവസാനവട്ട മിനുക്കുപണിയും ഏറ്റില്ല.

∙ മുഖ്യമന്ത്രി: കോൺഗ്രസിനും തലവേദന

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നത് കോൺഗ്രസിനും തലവേദനയാണ്. സംസ്ഥാന കോൺഗ്രസിലെ ശക്തരായ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഉൾപ്പെടെ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാതെയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. വൊക്കലിഗ സമുദായത്തിൽനിന്നുള്ളയാളാണ് ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ പിന്നാക്ക വിഭാഗമായ കുരുബയിൽനിന്നുള്ളയാളും. തെക്കൻ കർണാടകയിൽ ശക്തരാണ് വൊക്കലിഗ സമുദായം. കുരുബ വിഭാഗത്തിന് മധ്യ, വടക്കൻ കർണാടകയിൽ സ്വാധീനമുണ്ട്. ഇതിനൊപ്പം പാർട്ടി ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെയും കോൺഗ്രസ് പ്രചാരണ സമയത്ത് ഉയർത്തിക്കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ ദലിത് പശ്ചാത്തലവും ഇത്തവണ കോൺഗ്രസിനെ കാര്യമായ മുന്നേറ്റത്തിനു സഹായിച്ചു.

∙ ആവശ്യവുമായി ദലിത് വിഭാഗവും

കോൺഗ്രസ് നേതാവ് ജി. പരമേശ്വരയുടെ അനുയായികൾ ദലിത് വിഭാഗത്തിൽനിന്നു മുഖ്യമന്ത്രി വേണമെന്ന് ആവശ്യമുയർത്തിയിട്ടുണ്ട്. തുംകൂറിൽ നടത്തിയ പ്രകടനത്തിൽ ‘മുഖ്യമന്ത്രി ദലിത് വിഭാഗത്തിൽനിന്നു വേണം’ എന്ന പ്ലക്കാർഡുകൾ ഇവർ ഉയർത്തിയിരുന്നു.

English Summary: Amid Siddaramaiah-DK Shivakumar Tussle, New Claims For Chief Minister Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com