ADVERTISEMENT

ന്യൂഡൽഹി∙ അനുനയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന് സമവായമായത് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മധ്യസ്ഥത ചര്‍ച്ചകളിലൂടെ. തിരഞ്ഞെടുപ്പ് ഫലം വന്ന്, നാലാം ദിവസമാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയാണ് കെ.സി വേണുഗോപാല്‍ കര്‍ണാടകത്തിലെ മഞ്ഞുരുക്കലിന് വഴിയൊരുക്കിയ ഫോര്‍മുല കണ്ടെത്തിയത്. ഗാന്ധി കുടുംബത്തിന്റെ  നിര്‍ദ്ദേശം സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനേയും കെ.സി വേണുഗോപാല്‍ അറിയിച്ചു. ഇതോടെ ഇടഞ്ഞു നിന്ന നേതാക്കള്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വഴങ്ങുകയായിരുന്നു.

കെ.സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ 51 നമ്പര്‍ ലോധി എസ്‌റ്റേറ്റിലെ വസതിയിലായിരുന്നു ചർച്ചകൾ. ദേശീയമാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായിരുന്നു ഈ വസതിയും കെ.സി വേണുഗോപാലും. രാത്രിയേറെ നീണ്ട ചര്‍ച്ചകളിലൂടെയും ചടുല നീക്കങ്ങളിലൂടെയുമാണ് കര്‍ണാടകത്തില്‍ നീണ്ടുപോയ മന്ത്രിസഭാ രൂപീകരണ പ്രതിസന്ധി പരിഹരിക്കാനായത്. ഗാന്ധി കുടുംബത്തിന് വിശ്വാസമുള്ള ട്രബിള്‍ഷൂട്ടറുടെ റോളാണ് കെ.സി വേണുഗോപാൽ നിർവഹിച്ചത്.

dk-shivakumar-kc-venugopal

സിദ്ധരാമയ്യയും ഡി.കെയും മുഖ്യമന്ത്രിപദത്തിനായുള്ള ആവശ്യത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് സോണിയാ ഗാന്ധി ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടത്. പ്രശ്‌നപരിഹാരം നീണ്ടുപോയതോടെ മധ്യസ്ഥ ദൗത്യം കേന്ദ്ര നേതൃത്വം  കെ.സി വേണുഗോപാലിനെ ഏല്‍പ്പിച്ചു. ഇതോടെ സമയവായ ചര്‍ച്ചകള്‍ക്ക് വേഗം കൂടി. സിദ്ധരാമയ്യയെയും ഡി.കെയെയും ഒറ്റയ്ക്കും ഒരുമിച്ച് ഇരുത്തിയും കെ.സി. വേണുഗോപാൽ ചര്‍ച്ചകള്‍ നടത്തി. ‍

ഇരുവര്‍ക്കും തുല്യപരിഗണന നല്‍കി പ്രശ്‌നപരിഹാരം കാണുകയായിരുന്നു ഖര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഫോര്‍മുല. സിദ്ധരാമയ്യ, ഡി.കെ കൂട്ടുകെട്ട് കര്‍ണാടകയില്‍ ഫലപ്രദമാണെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് ആവശ്യമാണെന്നും അദ്ദേഹം ഇരുവരെയും അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ്‌വരെ ഈ കൂട്ടുകെട്ട് ഫലം കാണുമെന്ന പ്രതീക്ഷ അദ്ദേഹം നേതാക്കളുമായി പങ്കുവച്ചു.ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇരുനേതാക്കളെയും കെ.സി വേണുഗോപാല്‍ അറിയിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്.

പലപ്പോഴും ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമാണെന്നും  നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം വര്‍ധിച്ചെന്നുമുള്ള തരത്തില്‍ എതിരാളികൾ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ, അതിന് മറുപടിയായി രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നര്‍മ്മം പങ്കുവെച്ച് ചിരിച്ച് ഉല്ലസിക്കുന്ന ചിത്രം പുറത്ത് വിട്ട് ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച ബുദ്ധികേന്ദ്രവും 51 നമ്പര്‍ ലോധി എസ്‌റ്റേറ്റിലെ  കെ.സി തന്നെയായിരുന്നു.

English Summary: KC Venugopal played vital role in Karnataka decision making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com