നന്ദിനി പുതിയ ഔട്ലെറ്റുകള് തുടങ്ങില്ല; കോൺഗ്രസ് വന്നത് തുണയായി: മന്ത്രി
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നന്ദിനിയുടെ തലപ്പത്ത് ബിജെപി ഭരണം പോയി കോൺഗ്രസ് വന്നതാണ് അനുകൂലമായത്. സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാനെന്നും മന്ത്രി ഓർമിപ്പിച്ചു.
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ നന്ദിനി പാൽ കേരളത്തിൽ വിൽപന നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിൽ പാൽ ഉൽപാദനം കുറയുന്ന സമയങ്ങളിൽ പാൽക്ഷാമം ഉണ്ടാകാതിരിക്കാൻ മിൽമ നന്ദിനിയിൽനിന്നു രണ്ടു ലക്ഷം ലീറ്റർ വരെ പാൽ വാങ്ങാറുണ്ട്.
നന്ദിനി നേരിട്ടു കേരളത്തിൽ വിൽപന തുടങ്ങുന്നത് അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മിൽമയുടെ വിൽപനയെ അട്ടിമറിക്കുമെന്നാണ് ആക്ഷേപം. നന്ദിനിയുടെ വിൽപന കേരളത്തിലെ ക്ഷീരകർഷകരെ ബാധിക്കുമെന്നും മിൽമ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമടക്കം നന്ദിനി ഔട്‌ലെറ്റ് തുറന്നിട്ടുണ്ട്.
English Summary: Minister J.Chinchu Rani on nandini milk distribution in Kerala