ദക്ഷിണ റെയിൽവേ നിർമാണം വിഭാഗം സിഎഒ ആയി ഷാജി സഖറിയയെ നിയമിച്ചു

Mail This Article
കൊച്ചി∙ കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയിൽവേ നിർമാണം വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി (സിഎഒ) ഷാജി സഖറിയയെ റെയിൽവേ ബോർഡ് നിയമിച്ചു. ഇന്ത്യൻ റെയിൽവേ സർവീസ് ഒാഫ് എൻജിനീയേഴ്സ് (ഐആർഎസ്ഇ) 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. നിർമാണ വിഭാഗം ചീഫ് എൻജിനീയർ, ഡിഎംആർസി ജനറൽ മാനേജർ, ഡപ്യൂട്ടി ചീഫ് എൻജിനീയർ, സീനിയർ ഡിവിഷണൽ എൻജിനീയർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ പാത ഇരട്ടിപ്പിക്കൽ, ഗേജ് മാറ്റ പദ്ധതികൾക്കു ചുക്കാൻ പിടിച്ചിട്ടുണ്ട്.
2010ൽ പ്രവർത്തന മികവിനുള്ള റെയിൽവേ മന്ത്രിയുടെ പുരസ്കാരം ലഭിച്ചു. സിംഗപ്പൂരിലും മലേഷ്യയിലും മാനേജ്മെന്റ് പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സിവിൽ എൻജിനീയറിങ്ങിൽ തിരുവനന്തപുരം സിഇടിയിൽ രണ്ടാം റാങ്കോടെ ബിടെക്കും മദ്രാസ് ഐഐടിയിൽനിന്നു രണ്ടാം റാങ്കോടെ എംടെക്കും നേടി. പത്തനംതിട്ട കോന്നി വിളനിലത്ത് സഖറിയ വർഗീസിന്റെയും അച്ചാമ്മ സഖറിയുടേയും മകനാണ്. ഭാര്യ: പരേതയായ ലത ഷാജി, മകൾ : സയാന (യുഎസ്), ജോയൽ (കൊച്ചി). കേരള സർവകലാശാല മുൻ വിസി ഡോ.ജെ.വി. വിളനിലത്തിന്റെ അനന്തരവനാണ്.
English Summary: Shaji Zachariah, new CAO of railway construction in Kerala