ADVERTISEMENT

2004 ജൂലൈ– മണിപ്പുരിൽ പ്രത്യേക സൈനികനിയമമായ അഫ്സയ്ക്കെതിരെ പോരാട്ടങ്ങൾ നടക്കുന്ന കാലം. ഇറോം ശർമിളയുടെ നിരാഹാര സമരം അന്ന് നാലാം വർഷത്തിലാണ്. സമരം തുടരുന്നതിനിടെ ജൂലൈ 11ന് അസം റൈഫിൾസിന്റെ കസ്റ്റഡിയിൽ തഞ്‌ജംമ മനോരമ എന്ന മെയ്തെയ് യുവതി കൊല്ലപ്പെട്ടു. അസം റൈഫിൾസ് സംഘത്തിന്റെ അതിക്രൂര ബലാത്സംഗത്തിന് ഇരയായാണ് മനോരമ കൊല്ലപ്പെടുന്നത്. 16 ബുള്ളറ്റുകളാണ് മനോരമയുടെ മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത്. ജനനേന്ദ്രീയം നശിപ്പിച്ച നിലയിൽ ക്രൂരതയുടെ ഭാവങ്ങളെല്ലാം ആ മൃതദേഹത്തിൽ വ്യക്തമായിരുന്നു. ഈ സംഭവം മണിപ്പുരി സ്ത്രീകളെ ആകെ പിടിച്ചുലച്ചു. തങ്ങളുടെ സഹോദരിക്കുവേണ്ടി അവർ തിരഞ്ഞെടുത്ത പ്രതിഷേധ മാർഗം പിന്നീട് ലോകചരിത്രത്തിൽ തന്നെ സ്ത്രീകളുടെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തി. പൂർണ നഗ്നരായി മുപ്പതോളം വരുന്ന മെയ്തെയ് വനിതകൾ  ‘ഇന്ത്യൻ ആർമി ഞങ്ങളെ ബലാത്സംഗ ചെയ്യൂ’ എന്ന മുദ്രാവാക്യം മുഴക്കി അസം റൈഫിൾസിന്റെ ഓഫിസിലേക്കു പ്രകടനം നടത്തി.  തലസ്ഥാന ഇംഫാലിന്റെ നഗരമധ്യത്തിലെ കാംഗ്‍ല കോട്ടയിൽ അവർ അണിനിരന്നു. രാജ്യം മുഴുവൻ തരിച്ചു പോയ നിമിഷം...മെയ്തെയ് സ്ത്രീകളുടെ പോരാട്ടവീര്യത്തെ അന്ന് ലോകം മുഴുവൻ വാഴ്ത്തി. തങ്ങളുടെ സഹോദരിക്ക് ഏൽക്കേണ്ടി വന്ന അപമാനത്തെയും അവൾ അനുഭവിച്ച വേദനയും അതേ കാഠിന്യത്തോടെ ലോകത്തെ അറിയിക്കാൻ, ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മണിപ്പൂരിലേക്ക് എത്തിക്കാൻ ഒരുപക്ഷേ ഇതിലും മികച്ച മാർഗം ഉണ്ടാകില്ല എന്നു പോലും തോന്നിപ്പോയ പോരാട്ടം.

ധീരതയുടെ പര്യായമായ അതേ മെയ്തെയ് സ്ത്രീകളാകട്ടെ ഇന്ന് മണിപ്പൂരിലേക്ക് ലോകത്തിന്റെ ശ്രദ്ധ വീണ്ടും ക്ഷണിച്ചുവരുത്തിയ മറ്റൊരു സംഭവത്തിൽ പ്രതിസ്ഥാനത്താണ്. കുക്കി വംശജരായ സ്ത്രീകളെ ക്രൂരമായ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്ത് അവരെ അക്രമികൾക്ക് എറിഞ്ഞു കൊടുത്തത് മെയ്തെയ് സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. അതിജീവതയായ പെൺകുട്ടികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പത്തൊൻപതുകാരിയായ ഒരു നഴ്സിങ് വിദ്യാർഥിനിയുടെ അനുഭവം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ സ്ത്രീ പോരാട്ടത്തിന്റെ നിറം കെടുത്തുന്നതായിരുന്നു. 

രാജ്യത്തെ ഞെട്ടിപ്പിച്ച് പീഡിപ്പിക്കാൻ ആഹ്വാനം

മണിപ്പുരിൽ കലാപം ആരംഭിച്ചതിനു പിന്നാലെ, മേയ് നാലിന് മെയ്തെയ് വിഭാഗക്കാരായ വനിതകൾ ഹോസ്റ്റലിലേക്ക് ഇരച്ചു കയറി. മുറികൾ മുഴുവൻ അവർ പരിശോധിച്ചു. കുക്കി വിഭാഗത്തിൽപ്പെട്ട് വിദ്യാർഥിനികളാണ് ഇവിടെ ഉണ്ടായിരുന്നത്. ആറു പേർ എങ്ങനെയൊക്കെയോ ഒളിച്ചെങ്കിലും രണ്ടു പേർക്ക് അതിനു സാധിച്ചില്ല. കുക്കികളാണെന്ന് മനസിലാക്കിയപ്പോൾ പത്തൊൻപതുകാരിയായ പെൺകുട്ടിയേയും കൂട്ടുകാരിയേയും ക്രൂരമായി മർദിച്ചു. പെൺകുട്ടിയുടെ മുന്നിലെ പല്ല് നഷ്ടമാകുകയും താടിയെല്ല് അടിച്ചു തകർക്കുകയും ചെയ്തു. ‘എന്തിനാണ് അവരെ ജീവനോടെ നിർത്തുന്നത്. അവരെ പീഡിപ്പിക്കൂ, മൃതദേഹം കഷണങ്ങളാക്കൂ, പച്ചയോടെ കത്തിക്കൂ’എന്ന് അവർ അലറുന്നുണ്ടായിരുന്നു എന്ന് പെൺകുട്ടി ജൂൺ 12ന് വനിത കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. ചുരാചന്ദ്പുർ, ഡൽഹിയിലെ ഉത്തംനഗർ പൊലീസ് സ്റ്റേഷനുകളിൽ പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്.

വിഡിയോ ദൃശ്യത്തിൽനിന്ന്, അറസ്റ്റിലായ പ്രതി ഹുയിറെം ഹെരൊദാസ്  (Photo: ANI)
വിഡിയോ ദൃശ്യത്തിൽനിന്ന്, അറസ്റ്റിലായ പ്രതി ഹുയിറെം ഹെരൊദാസ് (Photo: ANI)

മറ്റൊരു സംഭവത്തിൽ മേയ് 15ന് പതിനെട്ടു വയസ്സുള്ള കുക്കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിന് ഇരയാക്കി. അയൽ സംസ്ഥാനമായ നാഗാലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അതിജീവതയുടെ വാക്കുകളും തന്നെ പീഡിപ്പിക്കാൻ ആഹ്വാനം ചെയ്ത് കലാപകാരികൾക്ക് എറിഞ്ഞു കൊടുത്തത് മെയ്തെയ് സ്ത്രീകളാണെന്നാണ്. കറുത്ത വസ്ത്രം ധരിച്ച നാലു പേർക്ക് തന്നെ കൈമാറിയത് മെയ് രാ പെയ്ബികൾ (വിളക്കേന്തിയ വനിതകൾ) എന്നറിയപ്പെടുന്ന കൂട്ടായ്മയിലെ മെയ്തെയ് സ്ത്രീകളാണെന്ന് പെൺകുട്ടി പറയുന്നു. മേയ് 15ന് വൈകിട്ട് അഞ്ചു മണിയോടെ കാറിൽ വന്ന നാലംഗം സംഘം പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയി. തുടർന്ന് മെയ് രാ പെയ്ബികളും ചില പുരുഷന്മാരും ചേർന്ന് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഒരു സ്ത്രീ തന്നെ കൊല്ലാൻ കൂടെയുള്ളവർക്ക് നിർദേശം നൽകുന്നുണ്ടായിരുന്നു. ഞാൻ കരഞ്ഞ് അപേക്ഷിച്ചെങ്കിലും അവർ എന്നെ ക്രൂരമായി മർദിച്ചു. ഞാൻ നാടുവിട്ടു പോകാമെന്നു പറഞ്ഞെങ്കിലും അവർ കേട്ടില്ല. കൊന്നാൽ പൊലീസിന്റെ ഇടപെടലുണ്ടാകുമെന്ന് അവർ പറയുന്നുണ്ടായിരുന്നു. അവരിൽ മൂന്നു പേർ ചേർന്ന് മാറി മാറി ബലാത്സംഗത്തിന് ഇരയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസിനെ സമീപിച്ചാൽ തിരഞ്ഞുപിടിച്ചു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞു. എന്നാൽ കുക്കി വനിതകളെ നഗ്നരാക്കി നടത്തുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ധൈര്യം സംഭരിച്ച് പെൺകുട്ടി പരാതി നൽകിയത്. പരാതി നൽകി എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ആരെയും പൊലീസ് പ്രതി ചേർത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. 

തഞ്‌ജംമ മനോരമയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മെയ്തെയ് സ്ത്രീകൾ നടത്തിയ പ്രതിഷേധം. 2018 ഓക്ടോബർ 28ന് ‘ദ് വീക്ക്’ മാഗസിനിൽ പ്രസിദ്ധീകരിച്ചത് Image Source: Getty Images
തഞ്‌ജംമ മനോരമയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മെയ്തെയ് സ്ത്രീകൾ നടത്തിയ പ്രതിഷേധം. 2018 ഓക്ടോബർ 28ന് ‘ദ് വീക്ക്’ മാഗസിനിൽ പ്രസിദ്ധീകരിച്ചത് Image Source: Getty Images

ഇവർ മണിപ്പുരിന്റെ അമ്മമാർ...

ഇന്ത്യൻ വനിതകളിൽ കരുത്തിന്റെ പര്യായമായാണ് മെയ് രാ പെയ്ബികൾ  അറിയപ്പെടുന്നത്. അവർ തന്നെ വംശീയതയുടെ പേരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ആഹ്വാനം ചെയ്ത് ആക്രമികൾക്ക് എറിഞ്ഞു കൊടുത്തതാണ് ഞെട്ടലുളവാക്കുന്നത്. മെയ്തെയ് ഗ്രാമങ്ങൾക്കു കാവൽനിൽക്കുന്ന ഇവർ, സൈനിക വാഹനങ്ങൾ തടഞ്ഞ് കലാപകാരികളെ സഹായിക്കുന്നുണ്ടെന്നു പട്ടാളം ആരോപിച്ചിരുന്നു.

മനോരമയ്ക്കു വേണ്ടി ‘ഞങ്ങൾ മനോരമയുടെ അമ്മമാർ’ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് അവർ പ്രതിഷേധത്തിന് തെരുവിലിറങ്ങിയത്. മണിപ്പൂരിന്റെ പോരാട്ട ചരിത്രങ്ങളിൽ മുന്നിൽനിന്ന, മണിപ്പൂരിന്റെ ഉരുക്കുവനിതകൾ എന്ന് അറിയിപ്പെട്ടിരുന്ന ഇവരെ ‘മണിപ്പൂരിന്റെ അമ്മമാർ’ എന്നും വിളിച്ചുവന്നു. തെരേസ റഹ്മാന്റെ ‘മദേഴ്സ് ഓഫ് മണിപ്പുർ’ എന്ന ഗ്രന്ഥത്തിൽ മെയ് രാ പെയ്ബികളിലെ 12 വനിതകളുടെ കഥ പറയുന്നുണ്ട്. പോരാട്ടത്തിനായി സ്വന്തം ശരീരത്തെ വരെ സമരായുധമാക്കിയ യാഥാർഥ്യമാണ് അവർ പറഞ്ഞത്. ഒപ്പം പുരുഷ–ഗോത്രാധിപത്യം തലയുയർത്തി നിൽക്കുന്ന ഒരു സമൂഹത്തില്‍, ‘അമ്മ’ എന്ന പദത്തിന് പുതിയൊരു അർഥം കണ്ടെത്താൻ ഏതറ്റം വരെയും പോകാൻ തയാറായ അനുഭവങ്ങളും അവർ പങ്കുവയ്ക്കുന്നു

മനോരമയ്ക്കു വേണ്ടി വേറിട്ട ശക്തമായ പ്രതിഷേധം ഒരുക്കിയപ്പോഴാണ് മെയ് രാ പെയ്ബികൾ ലോകശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും അവർ എന്നും മണിപ്പുരിലെ ശക്തമായ പ്രതിഷേധങ്ങളുടെ ഭാഗവാക്കായിരുന്നു. ലഹരി ഉപയോഗം, മനുഷ്യാവകാശ ലംഘനങ്ങൾ, അഴിമതി എന്നിവയ്ക്കെതിരെ നിരന്തര പോരാട്ടം നടത്തിയ അവർ മണിപ്പുരിൽ പ്രത്യേക സൈനികനിയമം (ആംഡ് ഫോഴ്‌സസ് സ്‌പെഷൽ പവേഴ്‌സ് ആക്‌ട് 1958) ആവിഷ്കരിച്ചപ്പോൾ അതിനെതിരെയും അരയും തലയും മുറിക്കി പോരാടി. ഒരുകാലത്ത് ലോകത്തിന് മണിപ്പുരെന്നാൽ ഇറോം ശർമിളയായിരുന്നു. അഫ്സ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വംശജയായ ഇറോം ശർമിള സ്വയം ബലി നൽകിയത് തന്റെ 16 വർഷങ്ങളാണ്. 

പൗരത്വ നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന പോരാട്ടങ്ങളുടെ മുൻപന്തിയിലും മണിപ്പുരിലെ സ്ത്രീകളുണ്ടായിരുന്നു.  2019 ജനുവരിയിൽ ഇംഫാലിലെ പ്രധാന മാർക്കറ്റായ ഇമ കെയ്തൽ ക്വൈറാംബന്ദ് ബസാറിൽ പൗരത്വ നിയമത്തിനെതിരെ നാലായിരത്തോളം സ്ത്രീകൾ നടത്തിയ പ്രതിഷേധം ശ്രദ്ധ ആകർഷിച്ചിരുന്നു. സ്ത്രീകൾ മാത്രം നടത്തുന്ന മാർക്കറ്റാണിത്. ഇത്തരത്തിൽ നിരവധി രാഷ്ട്രീയ– സാമൂഹിക പ്രതിഷേധങ്ങളെ മുന്നിൽനിന്ന് നയിച്ചത് മെയ് രാ പെയ്ബികൾ ആണ്. അവർ വ്യക്തമായ മുന്നേറ്റങ്ങൾ നടത്തുകയും സംസ്ഥാനത്ത് ശക്തമായ സ്വാധീനം ചെലുത്തുന്നവരുമാണ്. 

പോരാട്ടത്തിന്റെ ‘വിളക്കേന്തിയ വനിതകൾ’

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപു മുതലുള്ള പോരാട്ടക്കഥകൾ പറയാനുണ്ട് മണിപ്പുരിന്റെ അമ്മമാർക്ക്.  ബ്രിട്ടീഷ് ഭരണകാലത്ത് മണിപ്പുരിൽ പുരുഷന്മാർ കൂലിയില്ലാതെ ജോലി ചെയ്യണമെന്ന നിയമം നിലവിൽ വന്നപ്പോഴാണ് സ്ത്രീകൾ ആദ്യമായി  സമരത്തിന് ഇറങ്ങുന്നത്. സ്ത്രീകൾ ജോലിക്കിറങ്ങുകയും ശക്തമായ പോരാട്ടങ്ങളുടെ ഭാഗമാകുകയും ചെയ്തു. സ്ത്രീകളുടെ പോരാട്ടത്തിനു മുന്നിൽ അടിയറവു പറഞ്ഞ ബ്രിട്ടീഷുകാർക്ക് ജോലി ചെയ്യുന്നതിന് കൂലി നൽകേണ്ടിയും വന്നു. 1904ൽ നടന്ന ഈ പോരാട്ടത്തെ നൂപി നാൽ (സ്ത്രീകളുടെ പോരാട്ടം) എന്നാണ് അറിയിപ്പെടുന്നത്. 1939ൽ, രണ്ടാം ലോകമഹായുദ്ധ സമയത്ത് മണിപ്പൂരിൽനിന്ന്് കുറഞ്ഞ വിലയ്ക്ക് അരി വാങ്ങി വിദേശത്തേക്ക് കടത്തിയതിനെതിരെയും സ്ത്രീകളുടെ നേതൃത്വത്തിൽ പോരാട്ടമുണ്ടായി. ഇത് രണ്ടാം നൂപി ലാൻ സമരമായി അറിയിപ്പെടുന്നു.

Imphal: Women form a human chain to protest against the ethnic violence between Meitei and Kuki community people in Manipur, in Imphal, Saturday, June 17, 2023. (PTI Photo)(PTI06_18_2023_000014B)
മണിപ്പുരിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ(PTI Photo)

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മണിപ്പൂരിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകിയത് നൂപി ലാൻ സമരനേതാക്കൾ ആയിരുന്നു. ഇവരുടെ പിന്മുറക്കാരാണ് മെയ് രാ പെയ്ബികൾ എന്നാണ് വിലയിരുത്തൽ. 1970കളിൽ മദ്യത്തിനും ലഹരിമരുന്നുകൾക്കുമെതിരെ ഇവർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ടോർച്ചുകളും വിളക്കുകയും പന്തങ്ങളുമായി ഇവർ തെരുവിലൂടെ മാർച്ച് നടത്തി. മദ്യലഹരിയിലായിരുന്നവരെ ശിക്ഷിക്കുകയും മദ്യശാലകൾക്ക് തീയിടുകയും ചെയ്തു. ഇതോടെയാണ് ഇവർ ‘വിളക്കേന്തിയ വനിതകൾ’ എന്ന് അറിയിപ്പെട്ടു തുടങ്ങിയത്. ഇവരുടെ പോരാട്ടം സംസ്ഥാനത്ത് മദ്യനിരോധന നിയമം കൊണ്ടുവരാൻ വരെ ഭരണകൂടത്തെ പ്രേരിപ്പിച്ചു. സാമൂഹിക അരക്ഷിതാവസ്ഥ മണിപ്പുരിനെ വരിഞ്ഞുമുറുക്കിയ കാലമായിരുന്നു 1970കൾ. സൈന്യത്തിന് പ്രത്യേക അധികാരം നൽകിയതോടെ പ്രതിഷേധങ്ങളും മരണങ്ങളും തുടർക്കഥയാകുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തി തെരുവീഥികളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇവർ സാമൂഹികമായി സജീവമാകുകയും ചെയ്തു. 

മണിപ്പുരിൽ  പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് തീയിടുമ്പോൾ(PTI Photo)
മണിപ്പുരിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് തീയിടുമ്പോൾ(PTI Photo)

1977ലാണ് മെയ് രാ പാബി എന്ന കൂട്ടായ്മ ഓദ്യോഗികമായി രൂപീകരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ അടിസ്ഥാനപരമായ പോരാട്ടം പിന്നീട് മനുഷ്യാവകാശ ലംഘനങ്ങൾക്കും സാമൂഹിക പരിഷ്കരണത്തിനും  വികസനത്തിനു വേണ്ടിയുള്ളതായി മാറി. അസമിലെ പ്രത്യേക സൈനിക നടപടിക്കെതിരെ ഇറോം ശർമിള നടത്തിയ പോരാട്ടത്തിന് പിൻബലമേകി ഇവർ എന്നും ഉണ്ടായിരുന്നു. ഇന്ത്യൻ സേനയുടെ അനധികൃത ഇടപെടുലുകൾക്കെതിരെ ശബ്ദമുയർത്തിയ ഇവർ മണിപ്പൂരിന്റെ കാവൽക്കാരായാണ് സ്വയം അവരോധിക്കുന്നതും അറിയപ്പെടുന്നതും. 

IND14144B
ഇറോം ശർമിള നിരാഹാര സമരത്തിനിടെ (PTI Photo)

ഇംഫാൽ താഴ്‍വരയിലെ വിവിധ മേഖലകളിൽനിന്നുള്ള മെയ്തെയ് സ്ത്രീകളാണ് മെയ് രാ പെയ്ബി കൂട്ടായ്മയിലുള്ളത്. അവർ എല്ലാവരാലും ബഹുമാനിക്കപ്പെടുകും ശക്തമായ ധാർമിക ശക്തിയെ പ്രതിപാദിക്കുകയും ചെയ്യുന്നു. മുതിർന്ന സ്ത്രീകൾ സംഘം നയിക്കുന്ന ഇവർ കൃത്യമായ അധികാരഘടനയോ പ്രത്യക്ഷമായ രാഷ്ട്രീയ ചായ്‍വോ ഇല്ലാത്തവരാണ്.

കണ്ണുചിമ്മാതെ കാവൽ, ‘മുഖ്യമന്ത്രി രാജിവയ്ക്കേണ്ട’

മണിപ്പുരിൽ കലാപം രൂക്ഷമായിരിക്കെ, ജൂൺ 30ന് മുഖ്യമന്ത്രി എൻ.ബിരേൺ സിങ് രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നും ഗവർണറെ കാണുമെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നു തുടങ്ങി. ഇതറിഞ്ഞ് നൂറുകണക്കിനു വരുന്ന സ്ത്രീകൾ ബിരേൺ സിങ്ങിന്റെ ഇംഫാലിലെ വസതിക്കു മുന്നിൽ സംഘടിച്ച് ഒരു മനുഷ്യച്ചങ്ങല തന്നെ രൂപീകരിച്ചു. മുഖ്യമന്ത്രിയെ രാജി വയ്ക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞായിരുന്നു അവർ ഒത്തുകൂടിയത്. ‘മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ എതിർപ്പുമായാണ് മണിപ്പുരിലെ അമ്മമാർ ഇവിടെ ഒത്തുകൂടിയത്. ഈ മണ്ണിന്റെ മകനെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളെ സംരക്ഷിക്കണം. അദ്ദേഹം രാജിവച്ചാൽ രാഷ്ട്രപതി ഭരണം അനിവാര്യമാകും, അത് ഞങ്ങൾ അംഗീകരിക്കില്ല’ എന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്.  

മണിപ്പുർ മുഖ്യമന്ത്രി ബിരേൺ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് സമധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ ഒത്തുകൂടിയവർ.  Photo: AFP
മണിപ്പുർ മുഖ്യമന്ത്രി ബിരേൺ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് സമധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ ഒത്തുകൂടിയവർ. Photo: AFP

അക്രമകാരികളെ രക്ഷപ്പെടാൻ മെയ് രാ പാബികൾ സഹായിക്കുന്നു എന്ന് ഇംഫാലിൽ നിന്ന് പുറത്തുവന്ന ഒരു വിഡിയോയിൽ സൈനികർ ആരോപിച്ചിരുന്നു. അക്രമകാരികൾക്ക് രക്ഷപ്പെടാനായി വാഹനങ്ങൾ നൽകുകയും ചിലപ്പോഴൊക്കെ അതിനായി ആംബുലൻസുകൾ പോലും ഇവർ ഉപയോഗപ്പെടുത്തുന്നതായും ആരോപണമുണ്ട്. വനിത പ്രതിഷേധക്കാർ തെരുവുകളിൽ അണിനിരക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തട്ടിക്കയറുകയും സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുകയും ചെയ്യുന്നതായി സൈന്യം ആരോപിക്കുന്നു. അതേസമയം കലാപത്തിന്റെ പേരിൽ സാധാരണക്കാരെ വേട്ടയാടുന്നതാണ് ചോദ്യം ചെയ്യുന്നതെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. 

മണിപ്പുർ സന്ദർശനത്തിനിടെ മെയ് രാ പെയ്ബി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ (Image.Twitter/@AmitShah)
മണിപ്പുർ സന്ദർശനത്തിനിടെ മെയ് രാ പെയ്ബി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ (Image.Twitter/@AmitShah)

മണിപ്പുരിലെ തെരുവുകളുടെ നിയന്ത്രണം ഏതാണ്ട് ഈ സ്ത്രീകൾക്കാണ്. രാത്രിയും പകലും വാഹനങ്ങൾ തടഞ്ഞും വീടുകൾ കയറി ഇറങ്ങിയും ഇവർ പരിശോധന നടത്തും. രാത്രിയിൽ ടോർച്ചുമായാണ് ഇവരുടെ യാത്ര. പൊലീസുമായി നല്ല അടുപ്പം സൂക്ഷിക്കുന്നതിനാൽ തന്നെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്തിട്ടും ഇവരുടെ പേരിൽ കേസുകൾ ഒന്നും തന്നെ റജിസ്റ്റർ ചെയ്തിട്ടില്ല. എന്തെങ്കിലും റജിസ്റ്റർ ചെയ്താൽ തന്നെ അത് പേരും വിലാസവും ഇല്ലാതെ അജ്ഞാതർ എന്ന നിലയിലുമാണ്. കുക്കി ക്യാംപുകളിൽ കയറിഇറങ്ങി പരിശോധിക്കുന്ന ഇവർ അവിടെ ആയുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം കൊണ്ടുപോകുന്നതു പോലും തടയാറുണ്ട്. ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ‘ഞങ്ങൾ മണിപ്പൂരിന്റെ അമ്മമാരാണ്, മണിപ്പൂരിന്റെ സംരക്ഷിക്കുക ഞങ്ങളുടെ ചുമതല’യാണെന്ന് വാദിക്കുകയും ചെയ്യും. 

ഒരുകാലത്ത് മണിപ്പുരിന്റെ സംരക്ഷകരെന്ന് ലോകം പോലും വാഴ്ത്തിയ ഇവർ ഇപ്പോഴും ഇതേ സംരക്ഷണത്തിന്റെ പേരിലാണ് മറ്റൊരു വിഭാഗത്തെ സ്ത്രീകളെ അക്രമകാരികൾക്ക് എറിഞ്ഞുകൊടുക്കുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതും ആണെന്നും സംഭവത്തിന്റെ വിഡിയോ കണ്ടിട്ട് തനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ലെന്നുമാണ് ഇറോം ശർമിള പറഞ്ഞത്. പ്രധാനമന്ത്രി ഇടപെടണമെന്നും കുറ്റവാളികൾക്കു പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ ഉറപ്പാക്കണമെന്നും അവർ വാദിച്ചു. ഒരു കാലത്ത് മണിപ്പുരിനു വേണ്ടിയുള്ള പോരാട്ടത്തിൽ ശരീരം പോലും മറയ്ക്കാതെ പ്രതിഷേധിച്ചവർ ഇന്ന് അതേ നാട്ടിൽ മറ്റൊരു വിഭാഗത്തിലെ പെൺകുട്ടികളെ മാനഭംഗത്തിന് എറിഞ്ഞുകൊടുക്കുമ്പോൾ മറ്റെന്താണ് ആ സമരനായികയ്ക്ക് പറയാനുണ്ടാകുക?  

English Summary: Who are Meira Paibis, Manipur’s ‘torch-bearing’ women activists? What is their role in Manipur conflict?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com