ADVERTISEMENT

മുക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞു. ആധുനിക കാലത്തെ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതു വലിയൊരു കാലയളവാണ്. ഇവിടെ ആർക്കാണു സ്വാതന്ത്ര്യം കിട്ടിയത്? പുരുഷന്മാർക്കോ സ്ത്രീകൾക്കോ? സ്വതന്ത്ര ഇന്ത്യ ആരുടെ രാഷ്ട്രമാണ്? ആണുങ്ങളുടേതോ പെണ്ണുങ്ങളുടേതോ?

അങ്ങനെ സ്വാതന്ത്ര്യത്തിനു ലിംഗവ്യത്യാസമുണ്ടോ എന്നു നിങ്ങൾ ചോദിച്ചേക്കാം. വ്യത്യാസമുണ്ട് എന്നാണ് എന്റെ മറുപടി. ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടിയത് പുരുഷന്മാർക്കാണ്. പുരുഷന്മാരുടെ രാഷ്ട്രമാണ് ഇന്ത്യ. വ്യക്തിജീവിതത്തിലും കുടുംബഘടനയിലും സാമൂഹിക സ്ഥിതിയിലും രാഷ്ട്രീയ പ്രവർത്തനത്തിലുമെല്ലാം പുരുഷാധിപത്യമൂല്യങ്ങൾ വാഴ്ച നടത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരന്യായം നടന്നുകൊണ്ടേയിരിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നുപോലുമില്ല. നമ്മുടെ സ്ത്രീകൾ വീട്ടിലും റോട്ടിലും നാട്ടിലും ഒരുപോലെ അരക്ഷിതരാണ്. ഏതു പരിതഃസ്ഥിതിയിലും അവർ അരക്ഷിതരാണ്. ഭാര്യ, മകൾ, അമ്മ, സഹോദരി, കാമുകി, സ്നേഹിത, സഹപ്രവർത്തക, അയൽക്കാരി– ഇതിലേതെങ്കിലും സ്ഥാനത്തിരിക്കുന്നവൾ പോലും എപ്പോഴും അപമാനിക്കപ്പെടാം; ആക്രമിക്കപ്പെടാം. പിന്നെ അപരിചിതരുടെ കാര്യം പറയാനുണ്ടോ?

1947 ലെ വിഭജനകാലത്തെ ലഹളകളിലെ പ്രധാന കർമം സ്ത്രീകളെ ഒറ്റയ്ക്കും സംഘം ചേർന്നും ബലാൽസംഗം ചെയ്യുക എന്നതായിരുന്നു. കഷ്ടം, മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മണിപ്പുരിൽ ആ കലാപരിപാടികൾക്കു തന്നെ മെയ്ത്തി– കുക്കി ലഹളകളിൽ നാം സാക്ഷ്യം വഹിക്കുന്നു. സ്വാതന്ത്ര്യ ലാഭത്തിന്റെ പതിറ്റാണ്ടുകൾ എന്താണു നമ്മളെ പഠിപ്പിച്ചത്?

ഈയിടെ നടന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു മാറ്റിനിർത്തപ്പെട്ടത് അവർ വിധവയായതുകൊണ്ടല്ലേ? ഭർത്താവ് മരിച്ചുപോയതിൽ ധാർമികമായി (!) ഭാര്യയ്ക്ക് ഉത്തരവാദിത്തമുണ്ട് എന്ന ദുഷ്ടമായ തീർപ്പിൽനിന്നല്ലേ, വിധവ അശ്രീകരമാണെന്നും മംഗളകർമങ്ങൾക്ക് അവളുടെ സാന്നിധ്യം ഒഴിവാക്കേണ്ടതാണെന്നും ഉള്ള ആചാരനിഷ്ഠകൾ ഉരുവം കൊള്ളുന്നത്?

പണ്ടെന്നപോലെ ഇന്നും ഇന്ത്യയിൽ ബലാൽസംഗം ചെയ്യപ്പെടുന്നതിന്റെ ഉത്തരവാദിത്തം സ്ത്രീക്കാണ്– അവൾ എന്തിന് അസമയത്തു പുറത്തിറങ്ങി? അവൾ എന്തിന് ആ വേഷം ധരിച്ചു? ഈ നിലപാടു കൊണ്ടല്ലേ, ചിലർക്കു കരിങ്കുപ്പായത്തിന്റെ മൂടുപടത്തിൽ അവളെ കുഴിച്ചുമൂടണം എന്നു നിഷ്കർഷിക്കാൻ തോന്നുന്നത്? ഇന്ത്യൻ പാർലമെന്റിൽ സ്ത്രീകൾക്ക് 33 ശതമാനം ഇരിപ്പിടങ്ങൾ സംവരണം ചെയ്യണം എന്നു പറയാൻ തുടങ്ങിയിട്ട് കാലമെത്രയായി? പിന്നെ എത്ര സർക്കാരുകൾ മാറിമാറി നാടു ഭരിച്ചു? അക്കാര്യത്തിൽ വല്ല പുരോഗതിയും ഉണ്ടായോ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം ഇരിപ്പിടങ്ങൾ സ്ത്രീകൾക്കു സംവരണം ചെയ്ത കേരളം എന്താ, നിയമസഭയിൽ അവർക്ക് 50 ശതമാനം സംവരണം കൊടുക്കാത്തത്? കേരളത്തിലെ ജനസംഖ്യയിൽ 51 ശതമാനം സ്ത്രീകളല്ലേ? കേരളത്തിൽ ഇന്നുവരെ ഒരു വനിതാ മുഖ്യമന്ത്രി ഇല്ലാതെപോയതെന്തുകൊണ്ടാണ്? ഇതുവരെ ഒരു സ്ത്രീ കേരളത്തിൽ ആഭ്യന്തരമന്ത്രി പോലും ആയിട്ടില്ല!

തീവണ്ടിയിലും ബസിലും വിമാനത്തിലും തൊഴിൽശാലയിലും വിദ്യാലയത്തിലും ആശുപത്രിയിലും സർവകലാശാലയിലുമെല്ലാം പലപ്പോഴായി സ്ത്രീകൾ അപമാനിക്കപ്പെടുന്നതിന്റെ വാർത്തകൾ നിരന്തരം കണ്ടുംകേട്ടും നമുക്ക് അതൊരു വാർത്തയേ അല്ലാതായിരിക്കുന്നു. വിദ്യയും തൊഴിലും സാമൂഹിക ജീവിതവും പൗരാവകാശവും രാഷ്ട്രീയാധികാരവും നിഷേധിക്കപ്പെടുന്ന രണ്ടാം കിട പൗരരായിട്ടാണ് വനിതകൾ നമ്മുടെ നാട്ടിൽ കഴിഞ്ഞുകൂടുന്നത്. 

പ്രശസ്ത ഗുസ്തി താരങ്ങൾ, സമ്പന്നനായ ബിജെപി എംപി ബ്രിജ്ഭൂഷൺ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് രേഖാമൂലം പൊലീസിൽ പരാതിപ്പെട്ടിട്ട് എന്തു പരിഹാരമുണ്ടായി? രാജ്യതലസ്ഥാനമായ ഡൽഹിയിൽ ലോകശ്രദ്ധ നേടുന്ന മട്ടിൽ അവർ പിന്നീട് പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ട് എന്തു പ്രയോജനമുണ്ടായി? 

നമ്മുടെ പുരാതനമായ ഒരു ശ്ലോകം‘സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല’ എന്ന തീർപ്പിലാണ് സമാപിക്കുന്നത് – ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി.’ ആ പ്രാകൃത നിലപാടിൽനിന്ന് ഇന്ത്യ എത്ര മുന്നോട്ടു പോയി എന്ന് ആലോചിക്കുവാൻ ഇന്നത്തെ സ്വാതന്ത്ര്യാഘോഷത്തിൽ നാം സമയം കണ്ടെത്തണം. 

വല്ലവരുമല്ല, ഗാന്ധിജിയാണ് ഇങ്ങനെ പറഞ്ഞത്: ‘‘ ഇന്ത്യയിലെ ഏതു നഗരത്തിലും ഏതു ഗ്രാമത്തിലും ഏതു നേരത്തും ഏതു സ്ത്രീക്കും ഒറ്റയ്ക്കു നടന്നുപോകാവുന്ന സ്ഥിതി ഉണ്ടായാൽ മാത്രമേ ഇന്ത്യ സ്വതന്ത്രയായി എന്നു ഞാൻ പറയുകയുള്ളൂ.’’ ഈ സ്ഥിതി ഉണ്ടായോ? ഇന്ത്യ ശരിക്കും സ്വതന്ത്രമായോ?

English Summary: MN Karssery Speaks about gender inequality in India even after 75 years of independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com