ADVERTISEMENT

ന്യൂഡൽഹി∙ 2024ൽ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ പ്രഖ്യാപനം.  

‘‘എന്റെ പ്രകടനത്തിന്റെ പേരിൽ 2019ൽ നിങ്ങളെന്നെ വീണ്ടും അധികാരത്തിലേറ്റി. അഭൂതപൂർവമായ വികസനത്തിന്റേതാകും അടുത്ത അഞ്ചു വർഷം. 2047ൽ ഒരു വികസിത രാജ്യം എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവർണ്ണ കാലയളവാണ് അടുത്ത അഞ്ച് വർഷം. അടുത്ത ഓഗസ്റ്റ് 15ന് ഈ ചെങ്കോട്ടയിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ നേട്ടങ്ങളുടെയും വികസനത്തിന്റെയും കണക്കുകൾ ഞാൻ എണ്ണിപ്പറയും’’ – മോദി പറഞ്ഞു. 

തറക്കല്ലിട്ട പദ്ധതികൾക്കെല്ലാം തന്റെ സർക്കാർ തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്നും മോദി പരാമർശിച്ചു. രാജ്യത്തിന്റെ നേട്ടങ്ങൾ പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ചെങ്കോട്ടയിലെ മോദിയുടെ 90 മിനിറ്റ് നീണ്ട പ്രസംഗം. കുടുംബാധിപത്യം രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചവെന്നു പറഞ്ഞ് കോൺഗ്രസിനെതിരെ ആക്രമണം അഴിച്ചുവിട്ടു. മോദി സർക്കാർ അധികാരത്തിൽ എത്തുന്നതുമുൻപ് രാജ്യത്ത് അഴിമതിയുടെ സ്വജനപക്ഷപാതമാണ് നിലനിന്നിരുന്നതെന്ന് മോദി പറഞ്ഞു. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്നു പാപങ്ങളിൽനിന്ന് ഇന്ത്യ മോചിതമാകുകയാണ്. കുടുംബാധിപത്യവും അഴിമതിയും ഇന്ത്യയെ ദുർബലമാക്കിയെന്നും കോൺഗ്രസിനെ കുത്തി മോദി പറഞ്ഞു. 

രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞെന്നും ഒരു മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തുമെന്നും മോദി പറഞ്ഞു. തന്റെ കാലഘട്ടത്തിൽ ഇന്ത്യ സാമ്പത്തികമായി സ്ഥിരത കൈവരിച്ചെന്ന് അവകാശപ്പെട്ട മോദി 2047ൽ ത്രിവർണ പതാക ഉയർത്തുമ്പോൾ അത് വികസിത ഇന്ത്യയുടേതാണ് എന്നതായിരിക്കണമെന്നും ആഹ്വാനം ചെയ്തു. 2024ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലാണു പ്രധാനമന്ത്രി പങ്കെടുത്തത്. രാജസ്ഥാനി രീതിയിലുള്ള ബഹുവർണ തലപ്പാവ് ധരിച്ചാണ് മോദി ഇത്തവണ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. 

English Summary: PM Modi sets tone for ‘next August 15’, counts achievements from Red Fort ahead of 2024 polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com