ADVERTISEMENT

തിരുവനന്തപുരം∙ ചന്ദ്രോപരിതലത്തിൽനിന്നും 25 കിലോമീറ്റർ ഉയരത്തിൽ സെക്കൻഡിൽ 1683 മീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ലാൻഡറിനെ വേഗം കുറച്ചു താഴേയ്ക്കു ഗതിമാറ്റി ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കുന്നതായിരുന്നു ഏറ്റവും സങ്കീർണമായ ദൗത്യമെന്ന് വിഎസ്‌എസ്‌സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ നായർ. സൂര്യനിലേക്കുള്ള ദൗത്യവിക്ഷേപണം സെപ്റ്റംബർ ആദ്യ ആഴ്ചയിലുണ്ടാകുമെന്നും ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗൻയാന്റെ പരിക്ഷണങ്ങൾ തുടർന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘ചന്ദ്രയാൻ 3 വിക്ഷേണവാഹനം LVM3, ലാൻഡറിലെ സങ്കീർണമായ രണ്ടു ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്തത് വിഎസ്‌എസ്‌സിയാണ്. ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വബലവും അന്തരീക്ഷം ഇല്ലാത്തതും ലാൻഡിങ്ങിനെ ബാധിക്കും. ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊർജം ലഭിക്കാൻ ത്രസ്റ്ററുകളെ ജ്വലിപ്പിച്ചു ഘട്ടംഘട്ടമായാണു ചന്ദ്രനിലേക്കു ലാൻഡറുകൾ ഇറക്കുന്നത്. ലാൻഡർ ചന്ദ്രനിലേക്കു ഇറക്കാനുള്ള റഷ്യയുടെയും അമേരിക്കയുടെയും പല ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെ, ചന്ദ്രയാൻ 2ന്റെ പരാജയത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടു പിഴവുകൾ തിരുത്തിയാണ് ഐഎസ്ആർഒ മുന്നോട്ടുപോയത്’’– വിഎസ്എസ്‍സി ഡയറക്ടർ പറഞ്ഞു.

ചന്ദ്രന്റെ അടുത്തുനില്‍ക്കുമ്പോൾ 25 കിലോമീറ്ററും അകലെയാകുമ്പോൾ 134 കിലോമീറ്ററും വിസ്തൃതിയുള്ള ഭ്രമണപഥത്തിൽനിന്നാണു ലാൻഡറിനെ വേഗം നിയന്ത്രിച്ചു ചന്ദ്രന്റെ പ്രതലത്തിലേക്കു ഘട്ടംഘട്ടമായി ഇറക്കിയതെന്ന് എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ‘‘ചന്ദ്രനു 25 കിലോമീറ്റർ അടുത്തെത്തുമ്പോൾ ലാൻഡറിലെ 4 ത്രസ്റ്ററുകളെ ജ്വലിപ്പിച്ചു വേഗം കുറയ്ക്കണം. സെക്കൻഡിൽ 1.6 കിലോമീറ്റർ വേഗമുണ്ടെങ്കിലേ ഭ്രമണപഥത്തില്‍ നിൽക്കാൻ കഴിയു. 11 മിനിറ്റോളം ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ഈ ചലനവേഗം കുറയ്ക്കുന്നതോടെ ലാന്‍ഡർ താഴേയ്ക്കു വരാൻ തുടങ്ങും. ആ സമയത്തു കൊടുക്കുന്ന ജ്വലനതോത്, ദിശ, വെർട്ടിക്കലായും ഹൊറിസോന്റലുമായുമുള്ള ചലന വേഗം ഇതെല്ലാം കൃത്യമായി കൊണ്ടുവരണം. വേഗം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. വളരെ സങ്കീർണമായ ദൗത്യമാണ്.

ത്രസ്റ്റർ മാത്രം ഉപയോഗിച്ചാണു ലാൻഡറിന്റെ വേഗം കുറയ്ക്കുന്നത്. ഭൂമിയിലാണെങ്കിൽ അന്തരീക്ഷമുണ്ട്. ഒരു വസ്തു ഭൂമിയിലേക്കു വരുമ്പോൾ 99% ഊർജത്തെയും എയറോ ഡൈമാനിക് ഡ്രാഗ് (വായുവിലൂടെ ഒരു വസ്തു സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഘർഷണം) ഇല്ലാതാക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിൽ, മനുഷ്യരെ തിരികെ ഭൂമിയിലേക്ക് എത്തിക്കുന്ന ക്യാപ്സൂൾ വായുവുമായുള്ള ഘർഷണത്തില്‍ വേഗം കുറയും. ഭൂമിയിലേക്കുള്ള യാത്രയുടെ അവസാനത്തെ ഒരു ശതമാനത്തിനാണു പാരച്യൂട്ട് ഉപയോഗിക്കേണ്ടി വരുന്നത്’’– എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാൽ 1,680 പെർ സെക്കന്റെന്ന വേഗത്തെ ഒരു മീറ്റർ പെർ സെക്കൻഡാക്കി കുറച്ചു ലാൻഡറെ താഴേയ്ക്ക് കൊണ്ടുവരണം. സെൻസർ, ത്രസ്റ്റർ എല്ലാം ദൗത്യത്തിൽ പ്രധാനമാണ്. ത്രസ്റ്ററുകളുടെ ജ്വലനം കുറച്ചു കുറച്ചു കൊണ്ടുവരണം. ഒറ്റ ത്രസ്റ്റിൽ പ്രവർത്തിക്കാനാകില്ല. 80 കിലോയുടെ 4 ത്രസ്റ്ററുകളാണുള്ളത്. ചിലപ്പോൾ നാലും ഉപയോഗിക്കും. ചിലപ്പോൾ രണ്ട് ഉപയോഗിക്കും. ലാൻഡറിനുള്ള കമാൻഡുകൾ നേരത്തെ ലോഡ് ചെയ്യും. പിന്നീട് കമാൻഡുകളിൽ ഏതൊക്കെ വേണമെന്ന് തിരഞ്ഞെടുക്കും. ലാന്‍ഡ് ചെയ്യുന്ന സ്ഥലത്ത് കുഴിയുണ്ടെങ്കിൽ പുതിയ അൽഗോരിതത്തിലൂടെ ലാൻഡറെ നിയന്ത്രിക്കും. ഭൂമിയിൽ യന്ത്രസഹായത്തോടെ മനുഷ്യൻ നേരിട്ടു പരീക്ഷിച്ച സാഹചര്യങ്ങൾ ചന്ദ്രനിൽ സോഫ്‍റ്റ്‍വയറുകളുടെയും അൽഗോരിതത്തിന്റെയും സഹായത്തോടെ നടപ്പിലാക്കുകയാണു ചെയ്യുന്നത്. സാഹചര്യങ്ങള്‍ മുൻകൂട്ടി കണ്ട്, ഇന്നതുപോലെ വന്നാൽ എന്തു ചെയ്യണം എന്ന് അൽഗോരിതം തയാറാക്കും. മണിക്കൂറുകൾക്കു മുൻപ് അത് ലോഡ് ചെയ്യും. റാംപ് തുറന്ന് റോവർ വെളിയിൽ ഇറങ്ങിയതോടെ ഇനി പരീക്ഷണങ്ങൾ തുടങ്ങും. റോവർ ലാൻഡറിന്റെ ഫോട്ടോ എടുക്കും. ചന്ദ്രനിലെ മണ്ണ് പരീക്ഷിക്കും.’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി സൂര്യനിലേക്കാണ് ഐഎസ്ആർഒയുടെ ദൗത്യമെന്ന് ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. സെപ്റ്റംബർ ആദ്യത്തെ ആഴ്ചയാണ് ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. ആദിത്യ L1 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. ഭൂമിയിൽനിന്നു 15 കോടി കിലോമീറ്ററുകൾ അകലെയുള്ള സൂര്യനെ നിരീക്ഷിക്കും. സൂര്യന്‍ അന്തരീക്ഷത്തെയും ഭൂമിയിലെ കാലാവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കും. പിഎസ്എൽവി റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ഗഗൻയാനിലെ സഞ്ചാരികളുടെ എസ്കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിൾ ഉപയോഗിച്ച് പരീക്ഷിക്കും. പറന്നുപോകുമ്പോൾ, ശബ്ദ വേഗം മറികടക്കുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും അതുമറികടക്കാനുള്ള കാര്യങ്ങളുമാണു പരീക്ഷിക്കുന്നത്. ഒക്ടോബറിലാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

English Summary: VSSC director S Unnikrishnan Nair says ISRO next project is to sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com