'പോയിന്‍റ് ഓഫ് കോള്‍' പദവി ലഭിക്കാത്തത് കണ്ണൂർ എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെ ബാധിക്കുന്നു: മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തതു കണ്ണൂർ എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെയും പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നതായി സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എയര്‍പോര്‍ട്ടിന് 'പോയിന്‍റ് ഓഫ് കോള്‍' പദവി ലഭിക്കാന്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പു മന്ത്രിയെയും നേരില്‍ കണ്ട് ആവശ്യപ്പെട്ടു. 2023 സെപ്റ്റംബർ ഏഴിനു പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് 'പോയിന്‍റ് ഓഫ് കോള്‍' പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു വിലയിരുത്തിയെന്നാണ് അറിയുന്നത്. അടുത്തുതന്നെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 'പോയിന്‍റ് ഓഫ് കോള്‍' ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഡ്- ഇ വിമാനങ്ങള്‍ക്കു സർവീസ് നടത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ട്. വ്യോമയാന രംഗത്ത് ആവശ്യമായ എംആര്‍ഒ, എയ്റോ സിറ്റീസ്, ഏവിയേഷന്‍ അക്കാദമികള്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്. കണ്ണൂര്‍ ജില്ലക്കും കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്. എയര്‍പോര്‍ട്ടിന് 'പോയിന്‍റ് ഓഫ് കോള്‍' ലഭ്യമാകാത്തതു കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലഭ്യതയനുസരിച്ചുള്ള ചരക്കുനീക്കം നടത്തുന്നതിനും സാധ്യമാകുന്നില്ല. വിമാന കമ്പനികളുടെ എണ്ണം കുറവായതു കാരണം കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റു നിരക്കും കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Pinarayi Vijayan says point of call position is not given to Kannur Airport