സ്ഥലത്തർക്കം; യുപിയിൽ ആറ് പേരെ തല്ലിക്കൊന്നു; കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ 5 പേർ
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ ദിയോറിയയിൽ സ്ഥലത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സംഘർഷമാണ് ദുരന്തത്തിൽ കലാശിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രാവിലെ ഏഴരയോടെയാണ് തർക്കം ഉടലെടുത്തത്.
ഇരു കുടുംബങ്ങൾ തമ്മിലുള്ള സ്ഥലത്തർക്കം ദീർഘകാലമായുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രേം യാദവും സത്യ പ്രകാശ് ദുബെയും തമ്മിലാണ് സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.
പ്രേം യാദവ് രാവിലെ സത്യപ്രകാശിന്റെ വീട്ടിലെത്തുകയും ഇവർ തമ്മിൽ സ്ഥലത്തെച്ചൊല്ലി തർക്കം രൂക്ഷമാകുകയുമായിരുന്നു. തുടർന്ന് പ്രേം യാദവിനെ സത്യപ്രകാശ് മർദിച്ചു കൊലപ്പെടുത്തി. സംഭവം അറിഞ്ഞ് പ്രേം യാദവിന്റെ ആൾക്കാർ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനെയും ഭാര്യയെയും രണ്ട് പെൺമക്കളെയും മകനെയും തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദിയോറിയ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.
English Summary: 6 killed in UP's Deoria over property dispute