‘സനാതന ധർമത്തെക്കുറിച്ച് സംസാരിക്കാൻ എന്തു ഗവേഷണമാണ് നടത്തിയത്?’: ഉദയനിധിയോട് കോടതി
Mail This Article
ചെന്നൈ ∙ സനാതന ധർമത്തെക്കുറിച്ച് സംസാരിക്കാൻ എന്തു ഗവേഷണമാണ് നടത്തിയതെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനോട് മദ്രാസ് ഹൈക്കോടതി. വർണ, ജാതി വിഭജനത്തെ സനാതന ധർമം പിന്തുണയ്ക്കുന്നെന്ന് ഏതു ഗ്രന്ഥത്തിൽ നിന്നാണു മനസ്സിലാക്കിയതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു. സനാതന ധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ചിട്ടും ഉദയനിധി നിയമസഭാംഗമായി തുടരുന്നതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സനാതന ധർമം എപ്പോഴും എതിർക്കപ്പെടണമെന്ന നിലപാട് കഴിഞ്ഞ ദിവസവും ഉദയനിധി ആവർത്തിച്ചിരുന്നു. സനാതന ധർമത്തെ തുടച്ചു നീക്കണമെന്ന മുൻപരാമർശത്തിൽ നടപടിയെടുക്കാത്ത സംസ്ഥാന പൊലീസിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചതിനെപ്പറ്റി മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പെരിയാർ ഇ.വി.രാമസ്വാമി, ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കർ എന്നിവരുടെ പ്രസംഗങ്ങളും പുസ്തകങ്ങളുമാണ് മന്ത്രി ആധാരമാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയോടു വിശദീകരിച്ചു. ബനാറസിലെ സെൻട്രൽ ഹിന്ദു കോളജ് ബോർഡ് ഓഫ് ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകം ആധാരമാക്കിയാണ് ഹർജിക്കാരൻ വാദിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പുസ്തകത്തിന്റെ കോപ്പിയും മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും ഹാജരാക്കാൻ നിർദേശിച്ച കോടതി കേസ് മാറ്റിവച്ചു.