‘തൊപ്പി’യെ കാണാൻ ആളുകൂടി, പ്രതിഷേധവുമായി നാട്ടുകാർ; വഴിയിൽ കാത്തുനിന്ന് തിരിച്ചയച്ച് പൊലീസ്
Mail This Article
മലപ്പുറം∙ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായിരുന്ന കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുൻകൂട്ടി അനുമതി വാങ്ങാത്തതിനുമാണ് ഉടമകളായ നാലു പേർക്കെതിരെ കോട്ടയ്ക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. നാട്ടുകാരില്‍ ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തെത്തുടര്‍ന്ന് നിഹാദിനെ പൊലീസ് തിരിച്ചയച്ചിരുന്നു.
ഞായറാഴ്ചയാണ് കോട്ടയ്ക്കലിനു സമീപം ഒതുക്കങ്ങലിൽ വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിന് നിഹാദ് എത്തുമെന്ന് അറിയിച്ചിരുന്നത്. വൈകിട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും ഉച്ചയോടെ തൊപ്പിയാരാധകർ കൂട്ടമായെത്തി. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി ചില നാട്ടുകാരും സംഘടിച്ചു. ഗതാഗത തടസ്സം കൂടിയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഒതുക്കങ്ങിലില്‍ എത്തും മുൻപുതന്നെ വഴിയരികില്‍ കാത്തു നിന്ന പൊലീസ് നിഹാദിനെ തിരിച്ചയച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു വ്യക്തമാക്കിയാണ് നിഹാദിനോട് മടങ്ങാന്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ജൂണിൽ, വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനു കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു.