ADVERTISEMENT

മുംബൈ∙ മധ്യറെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾക്കുള്ളിൽ വൈകാതെ അംഗീകൃത കച്ചവടക്കാർ ഇടംപിടിക്കും.  ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ, പത്രമാസികകൾ, പുസ്തകങ്ങൾ, മൊബൈൽ/ലാപ്‌ടോപ്പ് ആക്സസറീസ്,  നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയ സാധനങ്ങളുമായാണ് കച്ചവടക്കാർ വരിക. ഏതാണ്ട് 500 കച്ചവക്കാർക്ക് ട്രെയിനുകളിൽ ഇടം നൽകുന്നതിനുള്ള ടെൻഡർ ഇന്നു തുറക്കും. 

ടെൻഡറിനു മികച്ച  പ്രതികരണമാണ് ലഭിച്ചതെന്ന് മധ്യറെയിൽവേ വൃത്തങ്ങൾ അറിയിച്ചു. റെയിൽവേയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കൂടി ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. 3 വർഷത്തേക്കുള്ള ലൈസൻസ് ആണ് തിരഞ്ഞെടുക്കുന്ന കച്ചവടക്കാർക്കു നൽകുക. വിവിധ റൂട്ടുകളിലെ  മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലാണ് അംഗീകൃത കച്ചവടക്കാരുടെ സാന്നിധ്യം ഉണ്ടാവുക. എന്നാൽ മഹാനഗരി എക്‌സ്‌പ്രസ്, രാജധാനി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഉറപ്പാക്കും സുരക്ഷ

യാത്രയ്‌ക്കിടെ ഷോപ്പിങ് കൂടി നടത്താനുള്ള അവസരമാണ്  ലഭിക്കുക. ട്രെയിനുകളിലെ അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കാനും മികച്ച യാത്രാനുഭവം പ്രദാനം ചെയ്യാനും കഴിയും. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും നടപടി സ്വീകരിക്കും.  ട്രെയിനുകളിലെ മോഷണം, യാത്രക്കാർക്കു നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ അനധികൃത കച്ചവടക്കാർക്കു പങ്കുണ്ടെന്ന് ആരോപണങ്ങൾ പലപ്പോഴും  ഉയരാറുണ്ട്. ഈ പശ്ചാത്തലത്തിൽ ലൈസൻസുള്ള കച്ചവടക്കാർ വരുന്നത് യാത്രക്കാർക്ക് അവശ്യസാധനങ്ങളുടെ ലഭ്യമാക്കുന്നതിനു പുറമേ  സുരക്ഷിതത്വം ഉറപ്പാക്കുക കൂടി ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. 

ഒരു സ്റ്റേഷൻ, ഒരു ഉൽപന്നം

മുംബൈ∙ സംസ്ഥാനത്തെ 74  റെയിൽവേ സ്റ്റേഷനുകളിലായി ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ എന്ന ആശയത്തിലുള്ള 79 സ്റ്റാളുകളും ഇതിനകം തുറന്നിട്ടുണ്ട്. ബാഗുകൾ, തുകൽ ഉൽപന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, മുള ഉൽപന്നങ്ങൾ, കോലാപുരി ചപ്പലുകൾ,  പഴ വർഗങ്ങൾ,  പപ്പടം, അച്ചാറുകൾ, അഗർബത്തി, സോപ്പ്, ഫിനൈൽ തുടങ്ങി നിരവധി  സാധനങ്ങൾ ഈ സ്റ്റാളുകളിൽ നിന്നു വാങ്ങാൻ കഴിയും. 

പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കുകയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അധിക വരുമാനത്തിനുള്ള  അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം  മാർച്ച് 25നാണ് സംസ്ഥാനത്ത് ഇത്തരം സ്റ്റാളുകൾക്ക് തുടക്കമിട്ടത്. ഇപ്പോൾ മിക്ക റെയിൽവേ സ്റ്റേഷനുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

English Summary:

Central Railways To Introduce Onboard Shopping Services To Enhance Passenger Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com