പാലക്കാട്ട് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു, ഒരാൾക്ക് പരുക്ക്

Mail This Article
വാളയാർ (പാലക്കാട്) ∙ ദേശീയപാത പുതുശ്ശേരി കുരുടിക്കാട് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു. വാളയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പുതുശ്ശേരി പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ എൽ.ഗോപാലൻ (62) ആണു മരിച്ചത്. സിപിഎം പുതുശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കഞ്ചിക്കോട് വാരിയത്തു വീട്ടിൽ കെ.സുരേഷിനു (50) പരുക്കേറ്റു. ഗോപാലനാണു ബൈക്ക് ഓടിച്ചത്. വൈകിട്ട് 6.45നു കുരുടിക്കാട് നരകംപുള്ളി പാലത്തിനു സമീപമായിരുന്നു അപകടം.
പാലക്കാട്ട് നടക്കാനിരിക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ടു പുതുശ്ശേരി സിപിഎം ഓഫിസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം ഇരുവരും വാളയാറിലേക്കു മടങ്ങുകയായിരുന്നു. കൊടുങ്ങല്ലൂരിൽനിന്നു കഞ്ചിക്കോട്ടേക്കു മണൽ കയറ്റാനെത്തിയ ടിപ്പർ ലോറിയാണു ബൈക്കിൽ ഇടിച്ചത്. ടിപ്പർ ലോറി ഇടിച്ചു ബൈക്ക് നിയന്ത്രണംവിട്ട് ഇരുവരും റോഡിലേക്കു തലയടിച്ചു വീഴുകയായിരുന്നെന്നു കസബ പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപാലനെ രക്ഷിക്കാനായില്ല. തലയ്ക്കു ഗുരുതര പരുക്കുകളോടെ കെ.സുരേഷിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗോപാലന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ തൃശൂർ കൊടുങ്ങല്ലൂർ കാരകുറ്റിയെഴുത്ത് എൻ.അൻഷാദിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.
2005–2010 കാലഘട്ടത്തിൽ പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതിയിലെ ഉപാധ്യക്ഷനായിരുന്നു എൽ.ഗോപാലൻ. വിവിധ ഭരണസമിതികളിൽ പഞ്ചായത്ത് അംഗമായിരുന്നു. സ്ഥിരംസമിതി അധ്യക്ഷൻ പദവികളും വഹിച്ചിട്ടുണ്ട്. കഞ്ചിക്കോട്ടെ വിവിധ കമ്പനികളിലെ സിഐടിയു തൊഴിലാളി യൂണിനുകളിലെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. എൽ. ഗോപാലന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ഗോപാലന്റെ ഭാര്യ പങ്കജാക്ഷി (അമൃത ഡിസ്‌ലറി, വാളയാർ). മക്കൾ: പവിത്ര (ചെത്തുത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പാലക്കാട്), ഹരിത.