ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല; ബെംഗളൂരുവിലെ വീടുകൾ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ
Mail This Article
ന്യൂഡൽഹി∙ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വന്നതോടെ ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായി റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്. ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ പേരിൽ നടപടികളും നേരിടുന്നുണ്ട്.
കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന് വിൽക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. 1.2 ബില്യൺ ഡോളർ വായ്പയുടെ പലിശ മുടങ്ങിയതുമായി ബന്ധപ്പെട്ട് കമ്പനി നിയമപോരാട്ടത്തിലാണ്.
ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോൺസർഷിപ് തുകയിൽ 158 കോടി രൂപ നൽകിയില്ലെന്ന് കാണിച്ച് ബിസിസിഐ സമർപ്പിച്ച പരാതിയിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) ബൈജൂസിന് നോട്ടിസയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് കാണിച്ച് നവംബർ 28നാണ് ബൈജൂസിന് നോട്ടിസ് നൽകിയത്.