ശബരിമല തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥത: ജി.സുകുമാരൻ നായർ
Mail This Article
കോട്ടയം∙ ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥതയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇപ്പോഴുള്ള അത്രയും ആളുകൾ ഇതിനു മുൻപും ദർശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാനുള്ള കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. പതിനെട്ടാംപടി കയറുന്ന ഭക്തരെ സഹായിക്കാനോ നിയന്ത്രിക്കാണാ പറ്റിയ സംവിധാനമല്ല ഇന്നവിടെ ഉള്ളത്. ഒരു മിനിറ്റിൽ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50–60 പേർക്കു മാത്രമേ കയറാൻ സാധിക്കുന്നുള്ളൂ. അതിനുവരുന്ന താമസം ആണ് ഇന്ന് തിക്കിനും തിരക്കിനും പ്രധാന കാരണമാകുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘‘അയപ്പന്മാരെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾക്കു നിലയ്ക്കൽവരെ മാത്രമേ പ്രവേശനാനുമതി നൽകുന്നുള്ളൂ. അവിടെനിന്നു കെഎസ്ആർടിസി ബസിലാണ് അയപ്പന്മാർ പമ്പയിലെത്തേണ്ടിവരുന്നത്. അമിത ചാർജ് വാങ്ങി, ഭക്തരെ കുത്തിനിറച്ചാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളുടെ അഭാവവും നിലയ്ക്കലിൽ തിരക്ക് വർധിക്കാൻ കാരണമാകുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിനു സൗകര്യം ഇല്ലാത്തതിനാൽ നിലയ്ക്കൽ മുതൽ കാനനപാതയിലുടനീളം വാഹനങ്ങൾ വഴിയോരത്ത് നിർത്തിയിടേണ്ടിയും വരുന്നു. ഇതുമൂലം വാഹനങ്ങളിലുള്ള കുട്ടികളടക്കമുള്ള ഭക്തർ ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ബുദ്ധിമുട്ടുന്നു. ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താൽ നിലയ്ക്കലിൽ ഉൾപ്പെടെയുള്ള തിരക്ക് ഒഴിവാക്കാൻ സാധിക്കും. അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.
കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചാൽ ഇപ്പോൾ ഭക്തർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാവുന്നതാണ്. അതിനാവശ്യമായ നടപടി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടാവണം’’– അദ്ദേഹം പറഞ്ഞു.