മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും കമൽനാഥിനെ മാറ്റി; പകരം ജിത്തു പട്വാരി
Mail This Article
ഭോപ്പാൽ∙ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും കമൽനാഥിനെ മാറ്റി. ജിത്തു പട്‍വാരിയെ പുതിയ അധ്യക്ഷനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിയമിച്ചു. കമൽനാഥിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നേരുന്നതായി എഐസിസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഉമാങ് സിംഗാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും ഹേമന്ത് കട്ടാരെയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു. മധ്യപ്രദേശിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഹൈക്കമാൻഡ് കമൽനാഥിനോട് രാജി ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ആകെയുള്ള 230 സീറ്റിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി മധ്യപ്രദേശിൽ ഭരണം നിലനിർത്തിയത്. ഭരണം നേടാമെന്ന ഉറച്ച വിശ്വാസത്തോടെ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 66 സീറ്റുകൾ മാത്രമായിരുന്നു.