സഹോദരന് വൃക്ക ദാനം ചെയ്തു; ഭാര്യയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്
Mail This Article
ലക്നൗ∙ രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് റാഷിദ് വാട്സാപ് സന്ദേശത്തിലൂടെയാണ് തരന്നത്തെ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
തരന്നത്തിന്റെ സഹോദരനായ ഷാക്കിർ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ സഹോദരന്റെ ജീവൻ രക്ഷിക്കാനായി വൃക്ക ദാനം ചെയ്യാൻ തരന്നം സമ്മതിച്ചു. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അഞ്ചു മാസം മുൻപ് മുംബൈയിലെ ആശുപത്രിയിൽ വൃക്കദാനം നടന്നു.
എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം ഭർത്താവിന്റെ വീട്ടിലേക്കു മടങ്ങിവന്നപ്പോഴാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്. വൃക്ക നൽകിയതിനു 40 ലക്ഷം രൂപ നൽകാൻ സഹോദരനോട് ആവശ്യപ്പെടണമെന്ന് റാഷിദ് ഭാര്യയോട് പറഞ്ഞു. എന്നാൽ അതിനു തയാറാകാതെ വന്നപ്പോൾ ഓഗസ്റ്റ് 30ന് വാട്സാപ്പ് സന്ദേശത്തിലൂടെ റാഷിദ് തരന്നത്തിനെ മുത്തലാഖ് ചൊല്ലി. തുടർന്നും തരന്നം ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിച്ചു. എന്നാൽ ഭർത്താവിന്റെ വീട്ടുകാരുടെ എതിർപ്പും അവഗണനയും സഹിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്. മുത്തലാഖിലൂടെയുള്ള വിവാഹമോചനം 2019 മുതൽ രാജ്യത്ത് നിയമവിരുദ്ധമാക്കിയിരുന്നു.