‘മലേഷ്യൻ വിമാനം പൈലറ്റ് തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയത്; വീണ്ടും തിരഞ്ഞാൽ 10 ദിവസത്തിൽ കണ്ടെത്താം’

Mail This Article
ലണ്ടൻ∙ ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 വിമാനം കണ്ടെത്താൻ സാധിക്കുമെന്നാണ് അവകാശവാദം. എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് പത്തു ദിവസത്തെ തിരച്ചിലിൽ വിമാനം കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ടത്.
ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെ വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ‘‘ഞങ്ങൾ ഗൃഹപാഠം ചെയ്തു. ഒരു നിർദേശമുണ്ട്, പ്രദേശം ചെറുതാണ്, പുതിയ സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതിന് 10 ദിവസമെടുക്കും. എംഎച്ച്370 ന്റെ അവശിഷ്ടം കണ്ടെത്തുന്നത് വരെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ സാധിച്ചില്ല. ഇതു വളരെ മികച്ച മാർഗമാണ്.’’– ജീൻ-ലൂക്ക് മർചന്റ് പറഞ്ഞു. എംഎച്ച്370 ന്റെ അവശിഷ്ടങ്ങൾക്കായി പുതിയ തിരച്ചിൽ ആരംഭിക്കാൻ ഇരുവരും മലേഷ്യൻ സർക്കാരിനോടും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി അതോറിറ്റിയോടും ആവശ്യപ്പെട്ടു.
വിമാനം തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദിഷ്ട സ്ഥലത്ത് തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് മർച്ചന്റും ബെല്ലിയും പറഞ്ഞു. പരിചയസമ്പന്നനായ ഒരു പൈലറ്റാണ് ഇത് നടത്തിയതെന്നും മർച്ചന്റ് അവകാശപ്പെടുന്നു.
‘‘ഞങ്ങളുടെ പഠനത്തിൽ, ഒരുപക്ഷേ പരിചയസമ്പന്നനായ ഒരു പൈലറ്റാണ് ഹൈജാക്കിങ് നടത്തിയത്. കാബിൻ മർദം കുറവായിരുന്നു. കുറച്ച് അവശിഷ്ടങ്ങൾ മാത്രം ഉണ്ടാകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം അത്. ഒരിക്കലും കണ്ടെത്താതിരിക്കാനാണ് ഇത് നടത്തിയത്. സൈന്യത്തിനല്ലാതെ വിമാനം ദൃശ്യമായിരുന്നില്ല. തിരയലും രക്ഷാപ്രവർത്തനവും ആരംഭിക്കുകയാണെങ്കിൽ, അതു വിമാനത്തിന്റെ സഞ്ചാരപാതയിലായിരിക്കുമെന്ന് ആ വ്യക്തിക്ക് അറിയാമായിരുന്നു.’’ – മർച്ചന്റ് വിശദീകരിച്ചു.
വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണെന്നും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്നും ഇരുവരും പറയുന്നു. തായ്, ഇന്തൊനീഷ്യൻ, ഇന്ത്യൻ, മലായ് എന്നീ വ്യോമാതിർത്തികൾക്കിടയിൽ ‘നോ മാൻസ് ലാൻഡിൽ’ ആയിരിക്കുമ്പോഴാണ് വിമാനത്തിന് പെട്ടെന്ന് ദിശാമാറ്റം സംഭവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
227 യാത്രക്കാരും 12 ജീവനക്കാരുമായി 2014 മാർച്ച് 8ന് ദക്ഷിണ മലേഷ്യയിലെ ക്വാലലംപുർ വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കുള്ള യാത്രാമധ്യേയാണ് എംഎച്ച്370 വിമാനം അപ്രത്യക്ഷമായത്. വിപുലമായി തിരച്ചിൽ നടത്തിയിട്ടും അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളി, കുറച്ച് ദിവസങ്ങൾക്ക് മുൻപ്,കാണാതായ വിമാനത്തിന്റെ വലിയൊരു ഭാഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടെങ്കിലും അധികൃതർ അവഗണിച്ചു.