കിടന്നാൽ 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങും; സ്ക്രീൻ ടൈം കുറയ്ക്കണം: പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി

Mail This Article
ന്യൂഡൽഹി∙ കിടന്നാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തിൽ ഏഴാമത് പരീക്ഷ പേ ചർച്ചയുടെ ഭാഗമായി വിദ്യാർഥികളോടും മാതാപിതാക്കളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറക്കത്തെ ബാധിക്കുമെന്നതിനാൽ സ്ക്രീൻ ടൈം കുറയ്ക്കണമെന്ന് അദ്ദേഹം വിദ്യാർഥികള്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
‘‘സംതുലിതമായ ജീവിതശൈലി പുലർത്തണമെങ്കിൽ, ഒരു കാര്യത്തിലും അമിതമായി ഒന്നും ചെയ്യരുത്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ഒരു ശരീരം ആവശ്യമാണ്. അതിന് കുറച്ച് ചിട്ടകളൊക്കെ വേണം. സൂര്യപ്രകാശം അടിക്കണം, സ്ഥിരമായും പൂർണമായുമുള്ള ഉറക്കം വേണം. സ്ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും. കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകള്‍ കൊണ്ട് ഉറങ്ങാനാകുന്ന ശീലം എനിക്കുണ്ട്. ഉറക്കം എണീക്കുമ്പോൾ പൂർണമായും ഉണർന്നിരിക്കും. ഉറങ്ങുമ്പോൾ പൂർണമായും ഉറങ്ങിയിരിക്കും. അങ്ങനെയൊരു ചിട്ട വളർത്തിയെടുക്കാവുന്നതാണ്’’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംതുലിതമായ ഭക്ഷണക്രമവും വ്യായാമവും മറ്റും ചെയ്ത് ഫിറ്റ് ആയി ഇരിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.