ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാം; സിസോദിയക്ക് പരോൾ അനുവദിച്ച് കോടതി
Mail This Article
ന്യൂഡൽഹി∙ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ സന്ദർശിക്കാൻ അനുമതി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തടവിൽ കഴിയുകയാണ് സിസോദിയ. ഭാര്യയെയും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും സിസോദിയക്ക് കാണാൻ സാധിക്കും
അസുഖബാധിതയായ ഭാര്യയെ കാണുന്നതിനായി ആഴ്ചയിൽ രണ്ടുതവണ കസ്റ്റഡി പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സിസോദിയ കോടതിയെ സമീപിച്ചത്. സിസോദിയയുടെ അപേക്ഷ പരിഗണിച്ച പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നോട്ടിസ് നൽകുകയായിരുന്നു. 2023 നവംബറിൽ ദീപാവലിയോട് അനുബന്ധിച്ച് ഭാര്യയെ കാണുന്നതിന് കോടതി പരോൾ അനുവദിച്ചിരുന്നു.
മദ്യനയ അഴിമതിയിൽ പങ്കുണ്ടെന്നാരോപിച്ച് 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്യുന്നത്. ഡൽഹി മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് വഹിച്ചിരുന്ന സിസോദിയ ഫെബ്രുവരി 28ന് രാജിവെച്ചിരുന്നു. പിന്നീട് മാർച്ച് 9ന് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 30ന് മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളി