രാഷ്ട്രീയക്കാരിൽ നിന്ന് രക്ഷിക്കണം; കത്തുമായി സർക്കാർ കരാറുകാരുടെ സംഘടനകൾ

Mail This Article
മുംബൈ∙ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ജോലികൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരിൽ നിന്ന് രക്ഷിക്കണമെന്ന് സർക്കാർ കോൺട്രാക്ടർമാരുടെ സംഘടനകൾ സർക്കാരിനോട് അഭ്യർഥിച്ചു.
തങ്ങളെ രക്ഷിക്കാൻ ഈ മാസാവസാനത്തോടെ നിയമനിർമാണം നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. മഹാരാഷ്ട്ര സ്റ്റേറ്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ (എംഎസ്‌സിഎ), സ്റ്റേറ്റ് എൻജിനീയേഴ്‌സ് അസോസിയേഷൻ (എസ്ഇഎ) എന്നീ സംഘടനകളാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർക്കും നിവേദനം നൽകിയത്.
വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള ഇടപെടലുകൾ പദ്ധതികളുടെ നടത്തിപ്പിന് കാലതാമസം വരുത്തുന്നുവെന്ന് ഇരു അസോസിയേഷനുകളുടെയും പ്രസിഡന്റ് ആയ മിലിന്ദ് ഭോസ്‌ലെ പറഞ്ഞു.
ഭരണകക്ഷി എംഎൽഎമാരും എംപിമാരും ഇടപെട്ട് ഫണ്ട് അനുവദിച്ച പദ്ധതികൾ നടപ്പാക്കുന്നതിനിടയിൽ പ്രതിപക്ഷത്തുള്ളവർ പണികൾ നിർത്തിവയ്ക്കുമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തും.
കരാറുകാരും തൊഴിലാളികളും മർദനത്തിന് ഇരയാകുന്ന സന്ദർഭങ്ങളും ഉണ്ട്. സർക്കാർ ഒരു ലക്ഷം കോടി രൂപയുടെ വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. എന്നാൽ ഇത് നടപ്പാക്കാൻ കഴിയാതെ വിഷമിക്കുകയാണ്- ഭോസ്‌ലെ ചൂണ്ടിക്കാട്ടി.