ADVERTISEMENT

അമേഠി (ഉത്തർപ്രദേശ്)∙ ഗോത്രവർഗത്തിൽനിന്നുള്ള ആളായതിനാൽ, രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ അനുവദിച്ചില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദലിത്, പിന്നാക്ക വിഭാഗങ്ങളിലുള്ള ആരും പ്രാണപ്രതിഷ്ഠയ്ക്ക് ഉണ്ടായിരുന്നില്ലെന്നും വ്യവസായികളും ഉന്നത സ്ഥാനങ്ങളിലുള്ളവരും മാത്രമാണ് ജനുവരി 22ന് അയോധ്യയിലേക്ക് ക്ഷണിക്കപ്പെട്ടതെന്നും രാഹുൽ പറഞ്ഞു. അമേഠിയിൽ ഭാരത് ജോഡോ ന്യായ് യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ‘ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലല്ല, അമേഠിയിൽ മത്സരിക്കണം’: രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

‘‘രാമക്ഷേത്രത്തിൽ നടന്ന പരിപാടി നിങ്ങൾ കണ്ടിരുന്നോ? അവിടെ ഏതെങ്കിലും ഒരു ദലിത് മുഖം നിങ്ങൾ കണ്ടോ? നമ്മുടെ രാഷ്ട്രപതി ഗോത്രവർഗ വിഭാഗത്തിലുള്ള വ്യക്തിയായതിനാൽ അവരെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഏതെങ്കിലും കർഷകനോ തൊഴിലാളിയോ പങ്കെടുക്കുന്നത് നിങ്ങൾ കണ്ടോ? പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ആരും അവിടെയുണ്ടായിരുന്നില്ല.

എന്നാൽ അംബാനിയും അദാനിയും അവരുടെ കുടുംബവും ഉണ്ടായിരുന്നു. അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. ഇത് അവരുടെ ഇന്ത്യയാണ്. നിങ്ങളുടേതല്ല. നിങ്ങൾ ‘ഭാരത് മാതാ കീ ജയ്’ വിളിക്കുമ്പോൾ അവർ ഹെലികോപ്റ്റർ റൈഡ് നടത്തി പണമുണ്ടാക്കുന്നു’’ –രാഹുൽ പറഞ്ഞു. 

കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് രാഹുൽ ആവർത്തിച്ചു. രാജ്യതലസ്ഥാനത്ത് പ്രവേശിക്കുന്നതിൽനിന്ന് കർഷകരെ തടഞ്ഞിരിക്കുന്നു. അവരുടെ ആവശ്യം വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക എന്നതാണ്. അതു നൽകാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.

English Summary:

"President Murmu, an Adivasi, wasn't allowed to attend Ram Mandir event": Rahul Gandhi attacks Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com