ലാസ്യ നന്ദിതയെ മരണം വിടാതെ പിന്തുടർന്നു; 10 ദിവസം മുൻപ് വാഹനാപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിൽ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും ജനങ്ങളും. എംഎൽഎയായി ചുമതലയേറ്റ് മൂന്നു മാസം തികയുന്നതിനു മുൻപാണ് നന്ദിതയുടെ അപ്രതീക്ഷിത വിയോഗം. നവംബറിലായിരുന്നു തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. പത്തു ദിവസം മുൻപ് മറ്റൊരു അപകടത്തിൽനിന്നു ലാസ്യ നന്ദിത തലനാരിഴയ്ക്കു രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇന്നു പുലർച്ചെയുണ്ടായ അപകടത്തിൽ നന്ദിതയെ മരണം കവർന്നെടുത്തു.
Read also: തെലങ്കാനയിലെ യുവ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; എംഎൽഎയായിട്ട് 2 മാസം
പത്തു ദിവസം മുൻപ് നർക്കട്ട്പള്ളിയിൽ നടന്ന വാഹനപകടത്തിൽനിന്നാണു ലാസ്യ നന്ദിത പരുക്കുകളോടെ രക്ഷപ്പെട്ടത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭിസംബോധന ചെയ്യുന്ന റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, ഒരു കാർ നന്ദിതയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നന്ദിതയുടെ ഹോം ഗാർഡ് അപകടത്തിൽ മരിച്ചു. നന്ദിതയ്ക്ക് നിസ്സാര പരുക്കുകൾ മാത്രമാണുണ്ടായിരുന്നത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് എംഎൽഎയുടെ മരണത്തിനു കാരണമായ അപകടം സംഭവിച്ചത്. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽ ലാസ്യ നന്ദിത സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മെറ്റൽ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ലാസ്യ നന്ദിത സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഡ്രൈവർ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് അപകടങ്ങളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് ലാസ്യ നന്ദിത. ഇതിനു മുൻപ് കവാദിഗുഡ കോർപ്പറേഷനിൽ കൗൺലിറായിരുന്നു. എംഎൽഎയായിരുന്നു പിതാവിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ലാസ്യയെ മത്സരിപ്പിക്കാൻ ബിആർഎസ് തീരുമാനിച്ചത്.
1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, ഒരു പതിറ്റാണ്ട് മുൻപാണ് രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ബിആർഎസ് അധ്യക്ഷൻ കെ.ചന്ദ്രശേഖർ റാവു, സംസ്ഥാന ബിജെപി അധ്യക്ഷൻ ജി.കിഷൻ റെഡ്ഡി, നിരവധി തെലങ്കാന മന്ത്രിമാരും നേതാക്കളും യുവ വനിതാ നേതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.