കോൺഗ്രസിന് അസമിലും തിരിച്ചടി; പ്രവർത്തക സമിതി അധ്യക്ഷൻ രാജിവച്ചു, ബിജെപിയിൽ ചേർന്നേക്കും

Mail This Article
ഗുവാഹത്തി∙ അസമിലെ കോൺഗ്രസ് പ്രവർത്തക സമിതി അധ്യക്ഷൻ റാണ ഗോസ്വാമി പാർട്ടിയിൽനിന്ന് രാജിവച്ചു. ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ട റാണ ബിജെപിയിൽ ചേരുമെന്നാണ് വിവരം. ഇതിനായി ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ജോർഹട്ടിൽനിന്നുള്ള മുൻ എംഎൽഎയായ റാണ ഗോസ്വാമി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് രാജിക്കത്തു നൽകി.
Read Also: ഹിമാചലിൽ പ്രതിസന്ധി; പിതാവിനെ അവഹേളിച്ചെന്ന് പറഞ്ഞ് മന്ത്രിസ്ഥാനം രാജിവച്ച് വിക്രമാദിത്യ സിങ്
വിവിധ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ച് തന്റെ സംഘടനാ ചുമതലകളിൽനിന്നും നേരത്തേതന്നെ റാണ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നത്. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുണ്ട്.
റാണ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസമാദ്യം സംസ്ഥാനത്തെ കോൺഗ്രസിൽനിന്ന് മറ്റു രണ്ടു നേതാക്കൾ കൂടി ബിജെപിയിൽ ചേക്കേറിയിരുന്നു.
ഹിമാചലിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അസമിലും ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് തലവേദനയായി. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് ഹിമാചലിൽ പാര്‍ട്ടിയും സര്‍ക്കാരും വെട്ടിലായത്. മന്ത്രിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ് ബുധനാഴ്ച തന്റെ സ്ഥാനം രാജിവച്ചിരുന്നു.