തിരുവനന്തപുരത്ത് ചിത്രം വ്യക്തം; വോട്ടുവർധനയിൽ കണ്ണുവച്ച് കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി, പ്രതീക്ഷയോടെ തരൂരും പന്ന്യനും
Mail This Article
തിരുവനന്തപുരം∙ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പോരാട്ട ചിത്രം വ്യക്തമായി. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിക്കായി മത്സരിക്കും. കോൺഗ്രസ് സ്ഥാനാർഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സിറ്റിങ് എംപി കൂടിയായ മുതിർന്ന നേതാവ് ശശി തരൂരിനെയല്ലാതെ മറ്റാരെയും പാർട്ടി പരിഗണിക്കുന്നില്ല. ഔദ്യോഗിക പ്രഖ്യാപനമാകുന്നതോടെ തരൂർ നാലാം തവണയാകും ജനവിധി തേടുന്നത്. പന്ന്യൻ രവീന്ദ്രന്റെ തലസ്ഥാനത്തെ രണ്ടാം മത്സരമാണ് ഇത്. രാജീവ് ചന്ദ്രശേഖർ ആദ്യമായി തിരുവനന്തപുരത്ത് ജനവിധി തേടുന്നു.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. ഇതിൽ കോവളം മണ്ഡലം മാത്രമാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. ഇതാണ് എൽഡിഎഫിന്റെ പ്രതീക്ഷ. നേരത്തെ പ്രചാരണം തുടങ്ങിയതിലുള്ള മുൻതൂക്കവും മുന്നണി അവകാശപ്പെടുന്നു. 2009നു ശേഷം മുന്നണിക്ക് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല. പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച പന്ന്യൻ രവീന്ദ്രൻ മണ്ഡലം നിലനിർത്തി. 2009ലെ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി ആർ.രാമചന്ദ്രൻ നായരും 2014ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ബെനറ്റ് ഏബ്രഹാമും 2019ൽ സി.ദിവാകരനും പരാജയപ്പെട്ടു. 2014, 2019 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായി. പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നതോടെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. തുടർഭരണം നൽകിയ ആത്മവിശ്വാസവുമുണ്ട്.
കേന്ദ്ര ഭരണം ലഭിച്ചശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വർധയുണ്ടാക്കിയത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സിപിഐയുടെയും കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. 2014ൽ ശശി തരൂരിന്റെ ഭൂരിപക്ഷം 15,470 വോട്ടായി കുറച്ച് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഹൈന്ദവ വോട്ടുകളും സമുദായ സംഘടനകളുടെ പിന്തുണയുമാണ് പാർട്ടിയുടെ മണ്ഡലത്തിലെ ശക്തി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം തടയുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്‌ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി.
നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ കര്‍ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്.
ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകളും ബിജെപി ജയിക്കരുതെന്ന് ചിന്തിച്ച എൽഡിഎഫിലെ ഒരു വിഭാഗത്തിന്റെ വോട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തരൂരിനു ലഭിച്ചു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടിലും ന്യൂനപക്ഷ വോട്ടിലും യുവാക്കളുടെ പിന്തുണയിലുമാണ് പ്രതീക്ഷ. സാമുദായിക, സാമൂഹിക വിഭാഗങ്ങൾക്കു സ്വീകാര്യനാണെന്നത് കരുത്ത് വർധിപ്പിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ തുണച്ചത് തീരദേശ മേഖലയാണ്. അവിടെ സ്വീകാര്യതയ്ക്ക് കുറവില്ല. ശശി തരൂർ 2009ൽ മത്സരിക്കാനെത്തിയശേഷം കോൺഗ്രസ് വോട്ടുകൾ 3 ലക്ഷമോ അതിലധികമോ ആയി നിലനിന്നു. ആദ്യം മത്സരിക്കാനെത്തിയപ്പോൾ തരൂരിനു ലഭിച്ചത് 3,26,725 വോട്ടുകൾ. കേന്ദ്രത്തിലെ കോൺഗ്രസ് ഭരണവും തരൂരിന്റെ വ്യക്തി പ്രഭാവവും വോട്ട് ഉയർത്തി. മുൻപ് മത്സരിച്ച വി.എസ്. ശിവകുമാറിനേക്കാൾ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകൾ തരൂരിന് അധികമായി ലഭിച്ചു. 2014ൽ ബിജെപി അനുകൂല തരംഗം കേന്ദ്രത്തിലുണ്ടായപ്പോൾ വോട്ട് 2,97,806 ആയി. 2019ൽ ലഭിച്ച വോട്ട് 4,16,131.