ADVERTISEMENT

കൊച്ചി ∙ ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍, സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.

Read also: നല്ല പ്രസംഗത്തിന് നന്ദിയെന്ന് അ‌വതാരക; ക്ഷു‌ഭിതനായി മുഖ്യമന്ത്രി, ‘അമ്മാതിരി കമന്റൊന്നും വേണ്ടെ’ന്ന് മറുപടി– വിഡിയോ

ശാന്തിതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കട്ടപ്പനയിലെ വെയർഹൗസിങ് ഡിപ്പോയിലെ ചുമട്ടുകാരന്റെ മകനായ സന്തോഷ്, സ്വാമി അമൃതചൈതന്യ ആയതിനു പിന്നിൽ ദൈവ വിളിയാണെന്നു വീട്ടുകാർ പറയുമ്പോൾ, അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുടെ വളർച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്. പഠനത്തിൽ വലിയ മികവ് കാട്ടാതിരുന്ന സന്തോഷ് ഇംഗ്ലിഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആയതിനു വിവിധ ദേശങ്ങളിലൂടെയുള്ള ഊരുചുറ്റലും കാരണമായി. കട്ടപ്പന ഇരുപതേക്കർ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന ഗവ. ഹൈസ്‌കൂളിലുമായിരുന്നു.

സന്തോഷ് മാധവൻ. ഫയൽ ചിത്രം: മനോരമ
സന്തോഷ് മാധവൻ. ഫയൽ ചിത്രം: മനോരമ

പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തി. പിന്നീടു കട്ടപ്പനയിൽ ചെരുപ്പുകടയിൽ സെയിൽസ്മാനായി ജോലി നോക്കി. പതിനെട്ടു വയസ്സായപ്പോൾ ജ്യേഷ്‌ഠ സഹോദരന്റെ സഹായത്തിൽ കലൂരിലുള്ള ക്ഷേത്രത്തിൽ പരികർമിയായി. ഇവിടെനിന്നു പൂജാവിധികൾ അഭ്യസിച്ചശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നാണു വളർച്ചയുടെ ആരംഭം. തുരുത്തി ക്ഷേത്രത്തിൽ സേവനം ചെയ്യുമ്പോൾ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങൾ സമ്പാദിച്ചു. ഗൾഫു നാടുകളടക്കം വിവിധ സ്‌ഥലങ്ങളിലും സന്ദർശനം നടത്തി. ഈ കാലയളവിനുള്ളിൽ പ്രമുഖ വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിച്ചു. വീടിനു സമീപത്തുതന്നെയുള്ള പെൺകുട്ടിയെയാണു സന്തോഷ് പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെൺകുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേർപെടുത്തി തിരിച്ചെത്തി. 

തുരുത്തി ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കുന്നതിനിടയിൽ ഒരു ദിവസം സ്വാമി അവിടെനിന്ന് അപ്രത്യക്ഷമായി. പിന്നീടു മൂന്നു വർഷത്തോളം വീട്ടുകാർക്കും നാട്ടുകാർക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തിൽ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരിൽ പ്രത്യക്ഷനായത്. ഇതിനിടെ, ടൗണിൽതന്നെ പ്രവർത്തിക്കുന്ന കോടികൾ വില മതിക്കുന്ന ബഹുനില കെട്ടിടം ഇയാൾ വിലയ്‌ക്കു വാങ്ങിയിരുന്നു. സ്വത്തു വിവരങ്ങളെ സംബന്ധിച്ചു കട്ടപ്പന പൊലീസ് നേരത്തേ അന്വേഷണം നടത്തിയിരുന്നുവെങ്കിലും സ്വാമിയുടെ വിവാഹദിവസമാണ് അന്വേഷണത്തിനായി പൊലീസ് വീട്ടിലെത്തിയത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ  വിവാഹത്തിൽ പങ്കെടുക്കാൻ കട്ടപ്പനയിൽ എത്തിയിരുന്നു.

2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശ മലയാളി ആദ്യം പരാതി നല്‍കി. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതി ഉയർന്നു. ഇയാളുടെ ഫ്ലാറ്റില്‍നിന്നു ലഹരിവസ്തുക്കളും കടുവാത്തോലും പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സിഡികൾ ഉൾപ്പെടെ കണ്ടെടുത്തതു കേസിൽ നിര്‍ണായക തെളിവായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന ലഭിച്ചതും വിവാദമായി. ജയിലിലും ‘പൂജാരി’യാകാന്‍ ഇയാൾ ശ്രമിച്ചു. ‌ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു.

English Summary:

Controversial Godman Santhosh Madhavan Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com