മോദി സർക്കാരിനു വേണ്ടിവന്നത് 4 വർഷം, 3 മാസം; സിഎഎ ധ്രുവീകരണത്തിന്: വിമർശിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡല്‍ഹി ∙ പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ധ്രുവീകരണം ലക്ഷ്യമിട്ടാണു കേന്ദ്ര സർക്കാർ സിഎഎ വിജ്ഞാപനം ഇറക്കിയതെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
Read Also: എന്താണു പൗരത്വ ഭേദഗതി ബില്‍; ആര്‍ക്കൊക്കെയാണ് അര്‍ഹത?...
‘‘2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ സിഎഎയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ മോദി സർക്കാരിനു 4 വർഷവും 3 മാസവും വേണ്ടിവന്നു. ബിസിനസ‌് പോലെയും സമയനിഷ്ഠ പാലിച്ചുമാണു തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നാണു പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്‌നമായ നുണകളുടെ നേര്‍സാക്ഷ്യമാണ്. ഇലക്ടറൽ ബോണ്ട് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിത്. തിരഞ്ഞെടുപ്പിനു മുൻപായി സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ടാണ്’’– ജയറാം രമേശ് എക്സ്‍ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
കേന്ദ്രത്തിൽ ഇന്ത്യ മുന്നണി വരുന്നതോടെ സിഎഎ നിയമം അറബിക്കടലിൽ എറിയുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ജീവനുള്ള കാലത്തോളം ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുത്. മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും സുധാകരന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു പുറപ്പെടുവിച്ചത്. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നു. കേരളവും ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു പ്രഖ്യാപനം.