‘കാരണഭൂതന്റെ മുഖത്തുനോക്കി സംസാരിക്കുന്ന ചെറുപ്പക്കാരൻ; ഷാഫീ, ബാലികേറാമലയല്ല വടകര’
Mail This Article
വടകര ∙ ചരിത്രത്തിൽ ഇതുവരെയില്ലാത്ത തരത്തിൽ ആവേശകരമായ സ്വീകരണമാണു വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനു ലഭിച്ചതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഷാഫിയുടെ വിജയം കഴിഞ്ഞദിവസംതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞെന്നും മാധ്യമങ്ങളോടു മുല്ലപ്പള്ളി പറഞ്ഞു.
‘‘യുഡിഎഫ് സ്ഥാനാർഥി വടകരയില്‍ വന്നപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കപ്പെട്ടു. ഇനി ഭൂരിപക്ഷത്തിന്റെ കാര്യം മാത്രം ആലോചിച്ചാല്‍ മതി. പുതിയ തലമുറ അങ്ങേയറ്റം ആവേശത്തിലാണ്. ഒരു കാലത്തും ഇല്ലാത്ത സംഭവമാണിത്. വടകര മണ്ഡലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊന്നാപുരം കോട്ടയായിരുന്നു. 2009ൽ ഞാന്‍ മത്സരിച്ചപ്പോള്‍ ആ കോട്ട പൊളിച്ചു. അതെന്റെ നേട്ടമല്ല, ജനാധിപത്യ മതേതര ശക്തികൾ ഒന്നിച്ചു നിന്നതിന്റെ ഫലമാണ്.
Read Also: മോദി സർക്കാരിനു വേണ്ടിവന്നത് 4 വർഷം, 3 മാസം; സിഎഎ ധ്രുവീകരണത്തിന്: വിമർശിച്ച് കോൺഗ്രസ്...
പിന്നെയും വിജയം ആവർത്തിച്ചു. ആ ഉഴുതുമറിച്ച മണ്ണിലാണു കെ.മുരളീധരന്‍ ഭൂരിപക്ഷം വർധിപ്പിച്ചത്. നാട്ടിലെ ചിന്തിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഷാഫി പറമ്പിലിനെ അല്ലാതെ ആരെയാണു വിജയിപ്പിക്കുക? പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്നു 3 തവണ ഷാഫി വിജയിച്ചതാണ്. മെട്രോമാൻ ഇ.ശ്രീധരനെയാണ് ശക്തമായ മത്സരത്തിൽ ഇത്തവണ പരാജയപ്പെടുത്തിയത്. നിയമസഭയിൽ ഷാഫിയുടെ പ്രകടനം നോക്കൂ. കിട്ടുന്ന സമയം കൊണ്ട് ധീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നയാളാണ്.
കാരണഭൂതന്റെ മുഖത്തുനോക്കി സംസാരിക്കാൻ ഷാഫിക്കല്ലാതെ വേറെയാർക്കു സാധിക്കും? ലോക്സഭയിലും ഇന്ത്യൻ ഫാഷിസത്തോടു മുഖാമുഖം യുദ്ധം ചെയ്യാൻ സാധിക്കുന്ന ചെറുപ്പക്കാരനാണ്. ഷാഫീ, ബാലികേറാ മലയൊന്നുമല്ല വടകര. ഇവിടെ ഞങ്ങൾ ചരിത്രം തിരുത്തിക്കുറിച്ചിട്ടുണ്ട്. ഒരുപാട് ഇലപൊഴിയും കാലങ്ങളെ അതിജീവിച്ച പ്രസ്ഥാനമാണു കോൺഗ്രസ്. വടകരയില്‍ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം തീർച്ചയായും ചര്‍ച്ചയാകും.’’– മുല്ലപ്പള്ളി വിശദീകരിച്ചു.