‘പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെന്നു പറഞ്ഞു; ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം’
Mail This Article
പത്തനംതിട്ട∙ പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെന്നു പറഞ്ഞ കോൺഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആന്റോ ആന്റണിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയതെന്ന് ആന്റോ പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Read Also: പുൽവാമയിൽ 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്: ആന്റോ ആന്റണി
‘‘ഇന്ത്യൻ സൈന്യം ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് നാലു വോട്ടിനു വേണ്ടി പത്തനംതിട്ട എംപി മാറ്റിപ്പറയുന്നത്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിത്. ആന്റോയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയും’’ – കെ.സുരേന്ദ്രൻ പറഞ്ഞു.
നേരത്തേ, പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ജമ്മു കശ്മീർ ഗവർണറുടെ വാക്കുകൾ ഏറ്റുപിടിച്ചാണ് ആന്റോ ആന്റണി പ്രസ്താവന നടത്തിയത്. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്നു പലരും സംശയിച്ചിരുന്നു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദൂരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലികാണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി. പുൽവാമ സ്ഫോടനത്തിൽ പാക്കിസ്ഥാന് എന്തു പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു.